പണയത്തിലിരിക്കുന്ന വില്ലകള്‍ വ്യാജരേഖ ചമച്ചു വിറ്റു; ബംഗളൂരു സ്വദേശി ഒല്ലൂരില്‍ അറസ്റ്റിലായി

flatതൃശൂര്‍: പണയത്തിലിരിക്കുന്ന വില്ലകള്‍ വ്യാജരേഖ ചമച്ച് വില്പന നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ച കേസില്‍ ബംഗളൂരു സ്വദേശിയെ ഒല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു വൈറ്റ്ഫീല്‍ഡില്‍ മൈത്രീ ലേഔട്ട് കളത്തിപ്പറമ്പില്‍ വീട്ടില്‍ ശ്രീഹരി രാജീവ്(23) ആണ് അറസ്റ്റിലായത്. ഇയാളും പിതാവ് രാജീവ് മേനോനും പാര്‍ട്ണര്‍മാരായുള്ള കെബിആര്‍ ഷെല്‍ട്ടേഴ്‌സ് തൃശൂരിലെ എരവിമംഗലത്തു 14 വില്ലകള്‍ പണിതിരുന്നു. 2010ല്‍ ഇവ പണയപ്പെടുത്തി ബംഗളൂരു കേന്ദ്രമായുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരില്‍നിന്ന് ഇവര്‍ മൂന്നുകോടിയോളം രൂപ ലോണ്‍ എടുത്തിരുന്നതായി പോലീസ് പറഞ്ഞു. പണയവിവരം മറിച്ചുവച്ച് കൃത്രിമ ആധാരം ഉണ്ടാക്കിയ പ്രതികള്‍ ഈ വില്ലകള്‍ 2015ല്‍ ഉപഭോക്താക്കള്‍ക്കു വിറ്റു.

ലോണ്‍ തിരിച്ചടയ്ക്കാത്തതിനെതുടര്‍ന്ന് ബാങ്കുകാര്‍ ജപ്തിനടപടിയുമായെത്തിയപ്പോഴാണ് ഇപ്പോഴത്തെ ഉടമകള്‍ക്കു തട്ടിപ്പു മനസിലായത്. വില്ലകള്‍ വാങ്ങിയ കൃഷ്ണകുമാര്‍, ഷൈബിന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. രാജീവ് മേനോനെയും മകനെയും ഒന്നും രണ്ടും പ്രതികളായും സഹോദരന്‍ രാമചന്ദ്രമേനോനെ മൂന്നാം പ്രതിയുമാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒല്ലൂര്‍ എസ്‌ഐ രാമകൃഷ്ണന്‍, എഎസ്‌ഐ സുനില്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Related posts