പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ജിഷയുടെ അമ്മയുയെടും സഹോദരിയുടെയും മൊഴി പോലീസ് വീണ്ടുമെടുക്കും. നേരത്തെ ദീപയെ ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തങ്ങളായ മറുപടികളാണ് ലഭിച്ചത്. ഇതാണ് ദീപയെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. ജിഷയുടെ മാതാവില്‍നിന്നും പോലീസ് വീണ്ടും മൊഴി എടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്.
ദീപയുടെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുക്കുകയും അതില്‍നിന്നും വിളിച്ചതും വന്നതുമായ നമ്പറുകള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനിടെ ജിഷയുടെ പക്കലും രണ്ട് ഫോണുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതു കണ്ടെടുത്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.
സഹോദരി ദീപയുടെ മൊബൈലില്‍നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ നമ്പറുകളാണ് കൂടുതലും ഉണ്ടായിട്ടുള്ളത്. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൊലപാതകം നടത്തിയത് വാടകക്കൊലയാളി ആണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. അല്ലെങ്കില്‍ ജിഷയുമായി അടുത്തു ബന്ധമുള്ളവരായിരിക്കും എന്നാണ് പോലീസ് നിഗമനം.
ഇതിനാലാണ് മാതാവിനെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് ശ്രമിക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന നാലുപേര്‍ കസ്റ്റഡിയിലുണ്ടെങ്കിലും ഇവരില്‍നിന്നും യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.