പിറവം: നഗരസഭാ പ്രദേശത്ത് 11 ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്കിയ ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. പിറവം നഗരസഭാ സെക്രട്ടറി പി.ആര്.മോഹന്‍കുമാറും ചെയര്മാന് സാബു കെ. ജേക്കബും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.രൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി നഗരസഭ നിയോഗിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേഖലയിലെ ഇഷ്ടികക്കളങ്ങള്‍ നിരോധിച്ച് ലൈസന്‍സ് നല്‍കുന്നത് നഗരസഭ കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവച്ചത്.
ഇതേതുടര്‍ന്ന് 11 ഇഷ്ടികക്കളങ്ങളുടെ ഉടമകള്‍ ചേര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. ട്രൈബ്യൂണല്‍ നഗരസഭയുടെ ഉത്തരവിന് സ്റ്റേ നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതിനെതിരേ നഗരസഭാ സെക്രട്ടറിയും കമ്മിറ്റിക്കുവേണ്ടി ചെയര്‍മാനും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഇഷ്ടികക്കളങ്ങളില്‍ പണിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യംപോലും ഒരുക്കിയിട്ടില്ലെന്നും നഗരസഭ ഉപസമിതി കണ്ടെത്തിയിരുന്നു.സ്ഥിരം സമിതി ചെയര്മാന് അരുണ്‍ കല്ലറയ്ക്കല്‍ അധ്യക്ഷനായുള്ള ഉപസമിതിയില്‍ കൗണ്‍സിലര്‍മാരായ അന്നമ്മ ഡോമി, ഡോ.അജേഷ് മനോഹര്‍, സോജന് ജോര്‍ജ്, ഉണ്ണി വല്ലയില്‍, ബെന്നി വി. വര്‍ഗീസ്, പ്രഫ. ടി.കെ. തോമസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്. സുരേഷ്കുമാര്‍ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്.
അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഇഷ്ടികകളങ്ങള് പ്രവര്‍ത്തിക്കുന്നതെന്ന് സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തൊഴിലാളികള്ക്കുതാമസസൗകര്യം ഒരുക്കാതെ കാലിത്തൊഴുത്തിനേക്കാളും കഷ്ടമായ കുടിലുകളിലാണ് ഇവര്‍ കഴിഞ്ഞുവന്നിരുന്നത്. ശുചിമുറിയും, പാചകവുമെല്ലാം ഒരിടത്തുതന്നെയായിരുന്നു. കൂടാതെ കുടുംബമായി എത്തുന്ന തൊഴിലാളികളുടെ കുട്ടികളെകൊണ്ട് ബാലവേലയും എടുപ്പിച്ചിരുന്നു. എട്ടും, പത്തും വയസുള്ള കുട്ടികളാണ് ഇഷ്ടിക ചൂളയ്ക്കുവയ്ക്കുന്നതിനായി കൈവണ്ടി തള്ളിക്കൊണ്ടുപോകുന്നത്.
മേഖലയിലെ കൃഷിയോഗ്യമായ പാടശേഖരങ്ങളെല്ലാം ഇഷ്ടികക്കളങ്ങളുടെ നടത്തിപ്പുകാര്‍ വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ഇവിടങ്ങളില്‍ ആഴത്തില്‍ മണ്ണ് ഖനനം ചെയ്തെടുത്താണ് ഇഷ്ടിക നിര്‍മിച്ചുവന്നിരുന്നത്. അമ്പതടി വരെ താഴ്ത്തി മണ്ണ് ഖനനം ചെയ്തെടുക്കുന്നതായും സമിതി അംഗങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ചടിയില്‍ കൂടുതല്‍ മണ്ണ് ഖനനം ചെയ്തെടുക്കാന്‍ പാടില്ലെന്ന് നിയമം കാറ്റില്‍ പറത്തിയാണ് ആഴത്തില്‍ കുഴിക്കുന്നത്. കൂടാതെ ഇതു പൂര്‍വ സ്ഥിതിയിലാക്കി മണ്ണിട്ട് മൂടണമെന്നുണ്ടെങ്കിലും ഇതും ചെയ്തിട്ടില്ല. മണ്ണ് ആഴത്തില്‍ ഖനനം ചെയ്തെടുക്കുന്നതുമൂലം സമീപ പ്രദേശങ്ങളിലെ കുളങ്ങളിലും, കിണറുകളിലും ജലനിരപ്പ് താഴുകയും വേനലിന്റെ ആരംഭത്തില്‍തന്നെ വറ്റിവരളുകയും ചെയ്യും.
ഇഷ്ടിക ചുട്ടെടുക്കുമ്പോള്‍ നിറം ലഭിക്കുന്നതിനും വേഗം ഉണങ്ങുന്നതിനും മറ്റുമായി നിരോധിത രാസവസ്തുക്കളാണ് ഉപയോഗിക്കുന്നത്. ഇതു സംബന്ധിച്ച് നേരത്തെ പരാതിയുള്ളതാണ്. ഇതിന്റെ പുക അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതുമൂലം ഇത് ശ്വസിച്ച് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നി പറയപ്പെടുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇഷ്ടികക്കളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു ലൈസന്‍സ് അനുവദിക്കേണ്ടെന്നു നഗരസഭ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചത്.