പിലാത്തറ: പിലാത്തറയിലെ ആക്രിക്കച്ചവടക്കാരന് കുത്തേറ്റുമരിച്ചത് മദ്യലഹരിയിലുള്ള സംഘർഷത്തിലെന്ന് പോലീസ്.
പിലാത്തറ യുപി സ്കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി രാജീവ് കുമാറാണ് (38) ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിൽ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സേലം സ്വദേശി ശങ്കറിനെ (54)പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ. ഭാര്യ ശിവകാമിയും മകന് ശിവരാജുമൊത്ത് രാജീവ് കുമാർ വര്‍ഷങ്ങളായി പിലാത്തറയിലാണ് താമസം.
ആക്രിക്കടക്ക് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് പ്രതി ശങ്കറും താമസിച്ചിരുന്നത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടാക്കുക പതിവാണ്. ഇന്നലെയും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു.
മദ്യലഹരിയിലുള്ള വാക്കേറ്റം കയ്യാങ്കളിയിലെത്തുകയും ഇതിനിടയില്‍ ശങ്കര്‍ രാജീവ് കുമാറിന്റെ നെഞ്ചില്‍ കുത്തുകയുമായിരുന്നു. ആഴത്തിലുള്ള കുത്തേറ്റ രാജീവ്കുമാര്‍ സംഭവ സ്ഥലത്തുതന്നെ തല്‍ക്ഷണം മരിച്ചു.
ശിവകാമിയില്നിന്നും മൊഴിയെടുത്ത ശേഷമേ സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നറിയാന് കഴിയൂവെന്നും പോലീസ് പറഞ്ഞു.
പരിയാരം പോലീസ് ഇന്‍ക്വിസ്റ്റ് ചെയ്ത മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പ്രതിയെ പോലീസ് ഇന്നുകോടതിയില്‍ ഹാജരാക്കും.