പുലി ഇറങ്ങി, എല്ലാം ശരിയായി! ഷാപ്പുകാര്‍ മര്യാദക്കാരായി; തലേ ദിവസത്തെ മിച്ചം വന്ന കള്ളു വില്‍ക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കി; കള്ളുവില്‍പ്പന ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള കെട്ടിടത്തില്‍ മാത്രം

rishiസി.സി.സോമന്‍

കോട്ടയം: പുതിയ എക്‌സൈസ് കമ്മീഷണര്‍  അബ്കാരി നിയമം നടപ്പാക്കുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചതോടെ  കള്ളുഷാപ്പുകാരുടെ കള്ളക്കളികള്‍ നടക്കാതായി. പുലര്‍ച്ചെ ഷാപ്പ് തുറന്ന് തലേ ദിവസത്തെ മിച്ചം വന്ന കള്ളു വില്‍ക്കുന്ന ഏര്‍പ്പാട് നിര്‍ത്തലാക്കിയതാണ് ഷാപ്പ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് തിരിച്ചടിയായത്. ഇപ്പോള്‍ മിച്ചം വരുന്ന കള്ള് കമിഴ്ത്തി കളയുകയാണ്. ബാറുകള്‍ അടച്ചതോടെ കള്ളുഷാപ്പുകളില്‍ കച്ചവടം വര്‍ധിച്ചിരുന്നു. എക്‌സൈസ് കമ്മീഷണര്‍ പിടിമുറുക്കിയതോടെ ഷാപ്പുകാരുടെ കൊയ്ത്തുകാലം അവസാനിച്ചു.

രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയാണ് കള്ളുഷാപ്പുകളുടെ പ്രവര്‍ത്തന സമയം. എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗ് ചുമതലയേല്‍ക്കുന്നതുവരെ ഈ നിയമം പലയിടത്തും കാര്യമായി നടപ്പാക്കിയിരുന്നില്ല. എന്നാല്‍ പുതിയ കമ്മീഷണര്‍ നിയമം കര്‍ശനമാക്കിയതോടെ രാവിലെ ഒന്‍പതു മണിയാകാതെ ഷാപ്പുകള്‍ തുറക്കില്ല. അതുപോലെ കള്ളുഷാപ്പുകളോടനുബന്ധിച്ച് ചാര്‍ത്ത് കെട്ടി അലങ്കരിച്ച് അതിനുള്ളില്‍ നടത്തിയിരുന്ന കള്ളുവില്‍പ്പനയും നിര്‍ത്തലാക്കി. ഇത്തരം കെട്ടിടങ്ങള്‍ അടച്ചുപൂട്ടി. ഷാപ്പിനോട് ചേര്‍ന്ന് ഹോട്ടലിനു സമാനമായ സൗകര്യങ്ങളോടു കൂടിയ സംവിധാനങ്ങള്‍ ഇല്ലാതായി. ലൈസന്‍സില്‍ പറഞ്ഞിട്ടുള്ള കെട്ടിടത്തില്‍ മാത്രമേ കള്ളുവില്‍പ്പന പാടുള്ളൂ എന്നാണ് കമ്മീഷണറുടെ  നിര്‍ദേശം.

കള്ളു വരവിന്റെയും വില്‍പ്പനയുടെയും ശരിയായ കണക്കും എഴുതി വയ്ക്കണമെന്നാണ് മറ്റൊരു കര്‍ശന നിര്‍ദേശം. ഉച്ചവരെ വില്‍ക്കുന്ന കള്ളിന്റെ കണക്ക് ഉച്ചയ്ക്കും വൈകുന്നേരം വരെ വില്‍ക്കുന്ന കണക്ക് ഷാപ്പ് അടയ്ക്കുന്നതിനു മുന്‍പും എഴുതി വയ്ക്കണം. അതുപോലെ  വരവ് കള്ള് എത്രയെന്നും രേഖപ്പെടുത്തണം. എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഏതു സമയത്തും പരിശോധനക്കു വരാമെന്നുള്ളതിനാല്‍ കൃത്യമായ കണക്ക് സൂക്ഷിക്കണം. മുന്‍പ് വരവ് കള്ളു കുറവാണെങ്കിലും ഷാപ്പിലെ വില്‍പ്പന  കൂടുതലുമായിരുന്നു. കണക്ക് ശരിയല്ലെങ്കിലും ഇനി ലൈസന്‍സിക്കെതിരേ കേസെടുക്കും. വ്യാജക്കള്ള് വില്പനയ്ക്കും അറുതി വരുമെന്നാണ് സൂചന.

Related posts