പൂച്ചാക്കല്‍: രോഗം ബാധിച്ചു പൂച്ചകള്‍ കുട്ടത്തോടെ ചത്തൊടുങ്ങുന്നു. ചേര്‍ത്തലയുടെ വടക്കുഭാഗങ്ങളായ തൈക്കാട്ടുശേരി, പാണാവളളി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രോഗം ബാധിച്ചു പൂച്ചകള്‍ ചാകുന്നത്. വളര്ത്തുപൂച്ചകളെ അപേക്ഷിച്ചു അലഞ്ഞു തിരിഞ്ഞു നടക്കുന്ന പൂച്ചകള്‍ക്കാണ് ഈ രോഗം കുടുതലായി കാണുന്നത്. അസഹനീയമായ ചോറിച്ചില്‍ അനുഭവപ്പെടുമ്പോള്‍ ഇവ മരത്തിലോ, ഭിത്തികളിലോ ശക്തിയായി ഉരസുന്നു. അപ്പോള്‍ ആ ഭാഗങ്ങളിലെ രോമങ്ങള്‍ കട്ടിയായി അടര്‍ന്നു പോകുന്നു.
ഇങ്ങനെയുണ്ടാകുന്ന വ്രണത്തില്‍നിന്നും അസഹനീയമായ ദുര്‍ഗന്ധമാണുണ്ടാകുന്നത്. പൂച്ചകള്‍ക്കു സാധാരണയായി ഫെലൈന്‍ ഇന്‍ഫേഷ്യസ് എന്റെറൈറ്റിസ്, ഫെലൈന്‍ ലൂക്കോപീനിയ, ക്യാറ്റ് ഫഌ, പേ വിഷബാധ, തൊലിപ്പുറമേയുള്ള ഫംഗസ് ബാധ, മെയിഞ്ച്, ടോക്സോപ്ലാസ്മ രോഗം എന്നീ രോഗങ്ങളാണ് കാണപ്പെടുന്നത്. പൂച്ചകളില്‍ ഇപ്പോള്‍ ബാധിച്ചിരിക്കുന്നത് മെയ്ഞ്ച് എന്ന രോഗമാണെന്നും തുടക്കത്തില്‍ തന്നെ ചികിത്സിച്ചാല്‍ മാറ്റാവുന്നതാണെന്നും പാണാവളളിയിലെ വെറ്ററിനറി ഡോക്ടര്‍ മനു ജയന് പറയുന്നത്.
മൂക്കിന്റെ അഗ്രത്തിലും ചെവിയുടെ അഗ്രത്തിലും ചൊറിച്ചില്‍, രോമം കൊഴിഞ്ഞുപോക്ക് എന്നിവ മെയ്ഞ്ച് രോഗത്തിന്റേയോ ഫംഗസ് ബാധയുടേതോ ആകാം. വേനല്‍ച്ചൂട് വര്‍ധിച്ചതും രോഗം പിടിപെടുന്നതിനു സാധ്യത കുട്ടുന്നു. തൊലിപ്പുറമേയുളള ഈ രോഗം ആദ്യഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ഡെര്മോവെറ്റ് എന്ന മരുന്നോ പച്ചമരുന്നു കടയില്‍നിന്നും ലഭിക്കുന്ന കരണ്ടി ഓയില്‍ അഥവാ ഉങ്ങെണ്ണയോ പുറമേ പുരട്ടിയാല്‍ മതിയാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു. രണ്ടാം ഘട്ടമായാല്‍ ഹൈടെക് എന്ന മരുന്ന് രണ്ടു പ്രാവശ്യമെങ്കിലും കുത്തിവച്ചാല്‍ മാത്രമേ രോഗം നിയന്ത്രിക്കാന്‍ സാധിക്കുകയുളളു.
തുടക്കത്തില്‍ത്തന്നെ ചികിത്സ ലഭിച്ചില്ലങ്കില്‍ പൂച്ചകള്‍ക്കു രോഗപ്രതിരോധശേഷി നഷ്ടപ്പെട്ട് ഒരു മാസത്തിനുളളില്‍ മരണം സംഭവിച്ചേക്കാം. വീടുകളില്‍ വളര്‍ത്തുന്ന പൂച്ചകള്‍ക്കു മാത്രമേ ഇങ്ങനെയുളള ചികിത്സാരീതികള്‍ ഫലപ്രദമാക്കാന്‍ സാധിക്കുകയുളളു. മറ്റു മൃഗങ്ങളെ അപേക്ഷിച്ചു പൂച്ച മനുഷ്യരുമായി അടുത്ത് ഇടപെടുന്നതിനാല്‍ മനുഷ്യരിലേക്കു ഈ രോഗം പടരുമോ എന്ന ആശങ്കയിലാണു നാട്ടുകാര്‍.