പേരാമ്പ്ര: നിര്‍ദിഷ്ട പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് വീണ്ടും സജീവചര്‍ച്ചാവിഷയമായി. കേന്ദ്രത്തിലെ തടസങ്ങള്‍ നീക്കാന്‍ സര്‍വ സഹായവും ചെയ്യാമെന്ന സംസ്ഥാന ബിജെപി നേതൃത്വത്തിന്റെയും, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ ഉറപ്പുവരുത്താമെന്ന പേരാമ്പ്ര എംഎല്‍എയും മന്ത്രിയുമായ ടി.പി. രാമകൃഷ്ണന്റെ വാഗ്ദാനവുമാണ് ബദല്‍ റോഡ് വിഷയത്തില്‍ നവ പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്നത്.
പൂഴിത്തോട് പള്ളി വികാരി ഫാ. മാത്യു പെരുവേലില്‍, ചെമ്പനോട പള്ളി വികാരി ഫാ. ജോസഫ് താണ്ടാപറമ്പില്‍, മുതുകാട് പള്ളി വികാരി ഫാ. ഡൊമിനിക് മുട്ടത്തുകുടിയില്‍, നാട്ടുകാരായസാജന്‍ കീറ്റത്തോട്ടം, ബോബന്‍ വെട്ടിക്കല്‍, അഗസ്റ്റ്യന്‍ കാരിമറ്റം, ബിജെപി നേതാവ് ബാബു പുതുപ്പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രാദേശിക സംഘം മന്ത്രി ടി.പി. രാമകൃഷ്ണനെയും സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും കണ്ട് റോഡ് സംബന്ധിച്ച പ്രശ്‌നങ്ങളവതരിപ്പിച്ചിരുന്നു.
ജനകീയാവശ്യം ഉന്നയിച്ചു പുതിയ മെമ്മോറാണ്ടം തയാറാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ഇതനുസരിച്ചു പള്ളികള്‍ കേന്ദ്രീകരിച്ചു ഒപ്പുശേഖരയജ്ഞം സംഘടിപ്പിച്ചു. ബിജെപിയുടെ ദേശീയ കൗണ്‍സിലില്‍ സംബന്ധിക്കാന്‍ കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി അടക്കമുള്ളവരുടെ പരിഗണന ഇക്കാര്യത്തില്‍ ഉറപ്പാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.പടിഞ്ഞാറത്തറ കുറ്റിയാംവയല്‍ പള്ളി വികാരി ഫാ. വിനോദ് പാക്കാനിക്കുഴി പുതിയ നീക്കങ്ങള്‍ക്ക് സഹകരണവുമായി മുന്‍പന്തിയിലുണ്ട്.
പൂഴിത്തോട്- പടിഞ്ഞാറത്തറ ബദല്‍ റോഡ് പൂര്‍ത്തീകരണം രാഷ്ട്രീയത്തിനതീതമായ വിഷയമായി ബിജെപി പ്രാദേശിക നേതൃത്വം കാണുന്നുണ്ട്. വിഷയം സംസ്ഥാന സര്‍ക്കാര്‍ രേഖാപരമായി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുകയും വേണം. പകുതി പൂര്‍ത്തിയായ പൂഴിത്തോട്- പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് നിര്‍മാണം 22 വര്‍ഷമായി മുടങ്ങിക്കിടക്കുകയാണ്. കോഴിക്കോട്ടുനിന്ന് പൂഴിത്തോട്, പടിഞ്ഞാറത്തറ വഴി വയനാട്ടിലേക്ക് പോകുമ്പോള്‍ 16 കിലോമീറ്ററോളം ദൂരം ലാഭിക്കാന്‍ കഴിയും. 1987ലാണ് റോഡ് നിര്‍മാണം തുടങ്ങിയത്. 27.225 കിലോമീറ്റര്‍ നീളമുള്ള ബദല്‍ റോഡില്‍ 14.285 കിലോമീറ്ററിലാണ് ഇതുവരെ നിര്‍മാണം നടന്നത്. സ്വകാര്യ വ്യക്തികളില്‍ നിന്ന് സൗജന്യമായി ലഭിച്ച ഭൂമിയിലായിരുന്നു പ്രവൃത്തി. 9.60 കോടിയുടെ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭിച്ചത്.
പൂഴിത്തോട് നിന്ന് 3.210 കിലോ മീറ്റര്‍ വരെയുള്ള റീച്ചിന് 65 ലക്ഷം രൂപയുടെ സാങ്കേതികാനുമതി ലഭിക്കുകയും ബജറ്റില്‍ ഒരു കോടി രൂപ വകകൊള്ളിക്കുകയും ചെയ്തു. മേല്‍ നോട്ടത്തിനായി വടകര ആസ്ഥാനമായി ചുരം ഡിവിഷന്‍ ഓഫീസ് തുറക്കുകയും ചെയ്തു. 1994 സെപ്റ്റംബര്‍ 23 നാണ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ. ബാവ പൂഴിത്തോട്ടിലും നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറ നിന്നും വനാതിര്‍ത്തി വരെ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വനത്തിലൂടെയുള്ള 12.940 മീറ്ററാണ് ഇനി നിര്‍മിക്കേണ്ടത്.