വൈക്കം: ബസുകളില്‍ വിദ്യാര്‍ഥിനികളെയും സ്ത്രീകളെയും ശല്യപ്പെടുത്തുന്നവരെ കുരുക്കാന്‍ വനിതാപോലീസിന്റെ മിന്നല്‍പരിശോധന. വൈക്കം പോലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലാണ് വനിതാപോലീസ് സ്ത്രീസുരക്ഷ ഉറപ്പുവരുത്തുന്നത്. ഇതിനായി വനിതാപോലീസിന്റെ പല സംഘങ്ങളെ നിയോഗിച്ചതായി എസ്‌ഐ എം.സാഹില്‍ അറിയിച്ചു.
ഏതെങ്കിലും സ്‌റ്റോപ്പില്‍നിന്ന് വനിതാപോലീസ് ബസില്‍ കയറും. വിദ്യാര്‍ഥികളോടും സ്ത്രീകളോടും യാത്രയ്ക്കിടെ അസുഖകരമായ അനുഭവങ്ങളുണ്ടോയെന്ന് ആരായും. പരാതിയുണ്ടെങ്കില്‍ ഉടന്‍ പ്രതിയെ പോലീസ് വാഹനം വരുത്തി കസ്റ്റഡിയിലെടുക്കും. കഴിഞ്ഞദിവസം വെച്ചൂരില്‍ ബസില്‍ പരിശോധന നടത്തിയ വനിതാപോലീസ് വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത ഇരുപത്തൊന്നുകാരനായ യുവാവിനെ പൊക്കിയിരുന്നു. സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരുന്നാലും വയോജനങ്ങളോടു ബഹുമാനമില്ലാതെ പെരുമാറിയാലും വനിതാപോലീസ് ഇടപെടും. സ്ത്രീകളും വിദ്യാര്‍ഥിനികളും കൂടുതലായി എത്തുന്ന ബസ്‌സ്റ്റോപ്പുകളിലും സ്ഥാപനങ്ങളിലും വനിതാപോലീസിന്റെ കണ്ണെത്തും.