തിരുവല്ല: ഇരവിപേരൂരിലെ മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയെ ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും കവര്‍ന്ന സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയിലായി. ചങ്ങനാശേരി വാഴപ്പള്ളി ആലുങ്കല്‍ വീട്ടില്‍ സജി വര്‍ഗീസ്(35), ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ വാലുപറമ്പി ല്‍ ബിനു തോമസ് (മീനു-25) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. സജിയെ ചങ്ങനാശേരിയില്‍ നിന്നും ബിനു തോമസിനെ ചെങ്ങന്നൂരില്‍ നിന്നുമാണ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി മുണ്ടക്കയം കുട്ടിക്കല്‍ മൂന്നുപാറ തടത്തില്‍ സുജ (30), റാന്നി ഈട്ടിച്ചുവട് പിലാപ്പാറ പതാലില്‍ ഷാജഹാന്‍ (ഷാജി 36), ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടില്‍ അനില്‍ മാത്യു(പുള്ള് 36), റാന്നി ബ്ലോക്ക്പടി പവ്വത്ത് മേല്‍മുറിയില്‍ രാജീവ് (പൊന്നിക്കണ്ണന്‍ 30), പത്തനംതിട്ട കുമ്പഴ അമീര്‍ മന്‍സിലില്‍ ഷീജാ മുഹമ്മദ് (40) എന്നിവരെ കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത് റിമാന്‍ഡു ചെയ്തിരുന്നു. ഇവരില്‍ സുജയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിനെതുടര്‍ന്നാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
ചങ്ങനാശേരിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ സജി വര്‍ഗീസ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പുരുഷന്മാരെ വശീകരിച്ച് ചങ്ങനാശേരിയിലെ വാടക വീട്ടിലെത്തിക്കുകയും സുജയും ബിനു തോമസും ചേര്‍ന്ന് ഇടപാടുകാരെ മദ്യലഹരിയിലാക്കി പണവും സ്വര്‍ണവും കവര്‍ച്ച നടത്തുകയാണ് ചെയ്തിരുന്നതെന്ന് കേസ് അന്വേഷിക്കുന്ന സിഐ ടി.മനോജ് പറഞ്ഞു. ഇതേപോലെ കഴിഞ്ഞ ജനുവരി ഒമ്പതിനു ചങ്ങനാശേരി സ്വദേശിയായ ലൈജു (45)വിന്റെ 5.75 പവന്റെ മാല കവര്‍ന്നശേഷം 1.05 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്തി പണം പങ്കിട്ടെടുത്തു.
ഇടപാടുകാര്‍ യുവതികളുമായി അനാശാസ്യത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ടെന്നു ഭീഷണിപ്പെടുത്തിയിരുന്നു. സജി വര്‍ഗീസ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചാണ് കൂടുതല്‍ തട്ടിപ്പുകളും നടന്നിട്ടുള്ളത്. നിരവധിപ്പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായി ട്ടുണ്ട്. കവര്‍ച്ച കൂടാതെ ബിനു തോമസ് കാറ്ററിംഗ് ജോലികളും ബ്യൂട്ടി പാര്‍ലറുകളില്‍ സഹായിയായും ജോലികള്‍ ചെയ്തിരുന്നു.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ഒരു വര്‍ഷത്തിനിടെ പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിലും സമാനരീതിയിലുള്ള കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഒട്ടേറെപ്പേര്‍ ഇവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് പറഞ്ഞു. എസ്‌ഐ ജെയിംസ്, ജൂണിയര്‍ എസ്‌ഐ രാജ്കുമാര്‍, എഎസ്‌ഐ ശ്രീരാജ്, വനിതാ സിപിഒ അനിതാകുമാരി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.