പൈനാപ്പിള്‍ മേഖലയിലെ പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി

EKM-PINAPLEവാഴക്കുളം: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. പൈനാപ്പിള്‍ മേഖലയില്‍ നിരന്തരം ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്രവാണിജ്യ മന്ത്രി നിര്‍മല സീതാരാമന് നിവേദനം നല്‍കിയത്.സംസ്ഥാനത്തെ പൈനാപ്പിള്‍ മേഖലയിലുണ്ടാകുന്ന കാതലായ പ്രശ്‌നങ്ങള്‍ ആരും ഇതുവരെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെന്ന് മന്ത്രി നിവേദക സംഘത്തെ അറിയിച്ചു. കര്‍ഷകര്‍ക്കു ഗുണകരമാകുന്ന ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇക്കാര്യം അനുഭാവ പൂവം പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ കമ്പനി ആരംഭിക്കുന്നതു സംബന്ധിച്ചും സാധാരണ കര്‍ഷകര്‍ക്ക് ചെറുകിട ഉത്പാദക യൂണിറ്റുകള്‍ തുടങ്ങുന്നതു സംബന്ധിച്ചും അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും നിവേദക സംഘത്തില്‍പ്പെട്ട മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വാഴക്കുളം യൂണിറ്റ് പ്രസിഡന്റ് തോമസ് വര്‍ഗീസ് താണിക്കല്‍, സെക്രട്ടറി ബിജു സെബാസ്റ്റിയന്‍, സംസ്ഥാന കമ്മിറ്റിയംഗം തോമസ് വര്‍ഗീസ് പെരിയക്കോട്ടില്‍ എന്നിവര്‍ക്കു മന്ത്രി ഉറപ്പുനല്‍കി. കേരളത്തില്‍ ഉത്പാദിപ്പിച്ച് വില്പനയ്ക്കായി മറ്റു സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കുന്ന പൈനാപ്പിള്‍ മേഖലയ്ക്ക് കാലാവസ്ഥ വ്യതിയാനം മുതല്‍ രാജ്യത്തുണ്ടാകുന്ന രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങള്‍ വരെ പലപ്പോഴും കാര്യമായി ബാധിക്കുകയാണെന്നും അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

വിലയിടിയുന്ന സന്ദര്‍ഭങ്ങളില്‍ സംഭരിച്ചു സൂക്ഷിക്കാനുള്ള സംവിധാനമില്ലാത്ത പഴവര്‍ഗമെന്ന നിലയില്‍ പെട്ടെന്നു വിറ്റഴിക്കാന്‍ കര്‍ഷകരും വ്യാപാരികളും നിര്‍ബന്ധിതരാകുകയാണ്. ഇതു കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പലപ്പോഴും കനത്ത നഷ്ടത്തിനും കാരണമാകുന്നു. കര്‍ഷകര്‍ക്കു സഹായകമാകുന്ന വിധത്തില്‍ പ്രധാന കേന്ദ്രങ്ങളിലെങ്കിലും പൈനാപ്പിള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇതിനുപുറമെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യുന്ന കമ്പനികള്‍ വാഴക്കുളത്ത് സ്ഥാപിക്കണം. സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നടുക്കര പൈനാപ്പിള്‍ കമ്പനി നിലവില്‍ കര്‍ഷകര്‍ക്കു പ്രയോജനപ്പെടാത്ത സ്ഥിതിയാണ്.

മുംബൈ വിപണിയില്‍ ഇപ്പോഴും ശാസ്ത്രീയമായ വില്പന രീതിയാണ് തുടരുന്നത്. പൈനാപ്പിളിന്റെ തൂക്കമോ വലിപ്പമോ പരിഗണിക്കാതെ എണ്ണത്തിനു വിലയിടുന്ന രീതി കാലഹരണപ്പെട്ടതാണ്, ഇതിന് അറുതി വരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണം. ഇരുപതു രൂപയ്ക്കുമുകളില്‍ ഉത്പാദന ചെലവു വരുമ്പോള്‍ നിലവില്‍ കര്‍ഷകനു ലഭിക്കുന്നത് കിലോയ്ക്ക് അഞ്ചുമുതല്‍ എട്ടുരൂപവരെയാണ്. പാദരക്ഷകള്‍ ശീതീകരണ മുറികളില്‍ വില്ക്കുമ്പോള്‍ നേരിട്ട് ആഹാരമാകുന്ന പൈനാപ്പിള്‍പഴംതുറസായ സ്ഥലങ്ങളിലെ മാലിന്യം നിറഞ്ഞ മാര്‍ക്കറ്റുകളില്‍ വിപണനം നടത്തുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നത് പഠനവിധേയമാക്കണമെന്നതും ഉള്‍പ്പെടെ പൈനാപ്പിള്‍ മേഖലയെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളും നിവേദനത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Related posts