ആലപ്പുഴ: പൊതു ടോയ്ലറ്റുകളില്ലാത്തതുമൂലം എസി റോഡിലൂടെ യാത്രചെയ്യുന്നവര്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാകാതെ വലയുന്നു. ചങ്ങനാശേരിയില്‍ നിന്നാരംഭിച്ച് കളര്‍കോട് അവസാനിക്കുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന എസി റോഡ് രണ്ട് നഗരസഭാ അതിര്‍ത്തികളിലൂടെയും കുട്ടനാട്ടിലെ നിരവധി പഞ്ചായത്ത് അതിര്‍ത്തിയിലൂടെയുമാണ് കടന്നുപോകുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ എസി റോഡ് നിര്മിക്കപ്പെട്ടിട്ട പതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും റോഡില്‍ ഒരു ഭാഗത്തുപോലും പൊതു ടോയ്ലെറ്റുകള് നിര്‍മിച്ചിട്ടില്ല.
ആലപ്പുഴ നഗരത്തിലേക്കും വണ്ടാനം മെഡിക്കല്‍ കോളജിലേക്കും എറണാകുളത്തെ ആശുപത്രികളിലേക്കും നെടുമ്പാശേരി വിമാനത്താവളത്തിലേക്കുമടക്കം കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള യാത്രക്ക് ഉപയോഗിക്കുന്ന പ്രധാന റോഡിലൊരിടത്തും പൊതു ടോയ്ലെറ്റുകളില്ലാത്തത് യാത്രക്കാരെ വലയ്ക്കുകയാണ്. പുരുഷന്മാരെക്കാള് സ്ത്രീകളാണ് പൊതു ടോയ്ലെറ്റുകളില്ലാത്തതുമൂലം ബുദ്ധിമുട്ടുന്നത്.
പലപ്പോഴും വഴിയോരത്തെ ഹോട്ടലുകളെയാണ് ദീര്‍ഘദൂര യാത്രക്കാര്‍ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ ആശ്രയിക്കുന്നത്. പ്രകൃതി രമണീയതയേറെയുള്ള എ-സി റോഡിന്റെ പല ഭാഗങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തി യാത്രക്കാര്‍ വൈകുന്നേരങ്ങളില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നത് പതിവാണ്.
ഇത്തരം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പൊതു ടോയ്ലറ്റുകള് ആരംഭിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നത്തിന് പരിഹാരമാകും. ഈ വിഷയം ഉയര്‍ത്തിക്കാട്ടി ജനപ്രതിനിധികള്‍ക്ക് പരാതികള്‍ നല്കാന് വിവിധ സംഘടനകള്‍ പ്രവര്‍ത്തനങ്ങളാരംഭിച്ചിട്ടുണ്ട്.