ഓരോ ദിവസവും ഓരോ രീതിയാണ് ഫേസ്ബുക്കില്‍. ഇപ്പോള്‍ എല്ലാവരുടെയും ഹോബി മറ്റുള്ളവന്റെ അക്കൗണ്ടില്‍ പോയി പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കലാണ്. കൂതറ ലുക്കിലുള്ള പഴയ ഫോട്ടോകള്‍ പൊങ്ങി വരുന്നതിന്റെ കലിപ്പിലാണ് പലരും. പഴയ ചിത്രങ്ങള്‍ ലൈക്ക് ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്താല്‍ അവ വീണ്ടും ടൈംലൈനില്‍ പ്രത്യക്ഷപ്പെടും. പലരും മറന്ന ചിത്രങ്ങളൊക്കെയാകും ഇങ്ങനെ പുറത്തുവരിക. ചോരത്തിളപ്പുള്ള പ്രായത്തില്‍ കള്ളുകുടിച്ചതും തലകുത്തി മറിഞ്ഞതും ബുജി ലുക്കുമൊക്കെ നാട്ടുകാരും ഭാര്യയുമൊക്കെ കാണുന്നതിന്റെ ചമ്മലിലാണ് പലരും. രസകരമായ കാര്യം അതല്ല, കുത്തിപ്പൊക്കലിന്റെ ഇരയായവരാണ് മറ്റുള്ളവരുടെ ചരിത്രപരമായ ഫോട്ടോകള്‍ കുത്തിപ്പൊക്കാന്‍ സജീവമായി രംഗത്തുള്ളത്.
കുത്തിപ്പൊക്കലില്‍ നിന്നു രക്ഷപ്പെടാന്‍ മാര്‍ഗമുണ്ട്. അതിലൊന്ന് ചിത്രങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് മാറ്റുകയാണ്. ചിത്രങ്ങള്‍ ആര്‍ക്കൊക്ക കാണാം എന്ന ഓപ്ഷനില്‍ ഒണ്‍ലി മീ എന്നു മാറ്റിയാല്‍ മതി.