ഫോണ്‍ ശരിയാക്കിക്കിട്ടാന്‍ അലഞ്ഞത് 18 ദിവസം; അവസാനം കുത്തിയിരിപ്പു സമരം ചെയ്തപ്പോള്‍ 10 മിനിടുകൊണ്ട് ഫോണ്‍ നന്നാക്കി

tcr-bsnl-landphoneഅരിമ്പൂര്‍: ലാന്‍ഡ് ഫോണ്‍ തകരാറിലായത് 18 ദിവസം പരാതിപ്പെട്ടിട്ടും ഗുണമുണ്ടായില്ല. സഹികെട്ട് ഒറ്റയാള്‍ കുത്തിയിരിപ്പു സമരം നടത്തിയപ്പോള്‍ പത്തു മിനിട്ടുകൊണ്ട് ഫോണ്‍ ശരിയാക്കിക്കിട്ടി.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.എല്‍. ജോണ്‍സന്‍ ബിഎസ്എന്‍എല്‍ അരിമ്പൂര്‍ സെക്ഷന്റെ കുന്നത്തങ്ങാടി ഓഫീസിലാണ് ഇന്നലെ കുത്തിയിരിപ്പു സമരം നടത്തിയത്. പല തവണ കുന്നത്തങ്ങാടി, കണ്ടശാംകടവ്, തൃശൂര്‍ എന്നിവിടങ്ങളിലെ ബിഎസ്എന്‍എല്‍ ഓഫീസുകളില്‍ ലാന്‍ഡ് ഫോണ്‍ തകരാറിലായതു പരാതിപ്പെട്ടു.

“ഇപ്പോ ശരിയാക്കാം’ എന്ന് മറുപടി പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. അതോടെ രണ്ടും കല്പിച്ച് ജോണ്‍സണ്‍ കുന്നത്തങ്ങാടിയിലെ ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം തുടങ്ങുകയായിരുന്നു. സമരം ഒഴിവാക്കാന്‍ ബിഎസ്എന്‍എല്‍ തൃശൂര്‍, കണ്ടശാംകടവ് ഓഫീസുകളില്‍നിന്ന് മൊബൈല്‍ ഫോണില്‍ വിളിച്ച് ജോണ്‍സനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജോണ്‍സന്‍ അതിനു തയാറായില്ല. ഒരുമണിക്കൂര്‍ സമരം പിന്നിടുമ്പോഴേക്കും ജീവനക്കാരെത്തി പത്തുമിനിറ്റുകൊണ്ട് ജോണ്‍സന്റെ ഫോണ്‍ ശരിയാക്കി. തുടര്‍ന്ന് ജോണ്‍സന്‍ സമരം അവസാനിപ്പിച്ചു.

18 ദിവസം പരാതി പറഞ്ഞിട്ടും ജീവനക്കാര്‍ ശരിയാക്കാത്ത ഫോണ്‍ പത്തുമിനിറ്റുകൊണ്ട് ശരിയാക്കിയത് എന്തു മറിമായമാണെന്നു ജോണ്‍സന്‍ ചോദിച്ചു. ജോണ്‍സന്റെ ലാന്‍ഡ് ഫോണ്‍ ശരിയാക്കിയതറിഞ്ഞവര്‍ കുന്നത്തങ്ങാടിയിലെ ഓഫീസിലെത്തി അവരുടെ ഫോണുകള്‍  ശരിയാക്കാന്‍ അധികൃതരോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു.

Related posts