അഞ്ചല്‍: യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം ഉള്‍പ്പെടെ ഒരുവിഭാഗം ബിജെപി പ്രവര്‍ത്തകരും നേതാക്കളും സിപിഐയില്‍ ചേര്‍ന്നു. യുവമോര്‍ച്ച സംസ്ഥാനസമിതിയംഗമായിരുന്ന അരുണ്‍ ചന്ദ്രശേഖര്‍, നെടിയറ സജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള 25-ഓളം പേരാണ് ബിജെപി വിട്ട് സിപിഐയില്‍ ചേര്‍ന്നത്. മനുഷ്യരെ ജാതിഭേദമില്ലാതെ മനുഷ്യരായി കാണാന്‍ കഴിയുന്ന ഏക പാര്‍ട്ടിയായതിനാലാണ് തങ്ങള്‍ കൂട്ടത്തോടെ സിപിഐയില്‍ ചേര്‍ന്നതെന്നാണ് നേതാക്കള്‍ പറഞ്ഞത്.
ബിജെപി, യുവമോര്‍ച്ച, ആര്‍എസ്എസ് എന്നിവയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് പ്രവര്‍ത്തകരെല്ലാം പാര്‍ട്ടി വിട്ടത്. മുന്‍ എംഎല്‍എ പിഎസ് സുപാല്‍, സിപിഐ മണ്ഡലം ആക്ടിംഗ് സെക്രട്ടറി ലിജു ജമാല്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ സിപിഐയിലേക്ക് സ്വാഗതം ചെയ്തു.
ബിജെപി പ്രവര്‍ത്തകനായിരുന്ന സോജു തങ്കപ്പനും പാര്‍ട്ടിവിട്ട് സിപിഐയില്‍ ചേര്‍ന്നതായി പറഞ്ഞിരുന്നെങ്കിലും അദ്ദേഹം പിന്നീട് പാര്‍ട്ടി വിട്ടിട്ടില്ലെന്നും ബിജെപിയില്‍ തന്നെ ഉറച്ചു നില്‍ക്കുന്നതായും പത്രക്കുറിപ്പിലൂടെ അറിയിച്ചു.