ന്യൂഡല്‍ഹി: എടിപി റാങ്കിംഗിലെ ആദ്യപത്തിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യന്‍ ടെന്നീസ് താരം രോഹന്‍ ബൊപ്പണ്ണയ്ക്ക് റിയോ ഒളിമ്പിക്‌സിലെ പുരുഷവിഭാഗം ഡബിള്‍സില്‍ നേരിട്ട് പങ്കെടുക്കുന്നതിന് യോഗ്യതയായി. സഹതാരത്തെ തെരഞ്ഞെടുക്കുന്നതിനും ഇതുവഴി അവസരം ലഭിച്ചു. ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നതോടെ നിലവിലുള്ള ചാമ്പ്യന്മാരായ മാര്‍സെലോ മെലോ-ഇവാന്‍ ഡോഡിഗ് സഖ്യം സെമിയില്‍ പരാജയപ്പെട്ടാല്‍ മാത്രമേ ബൊപ്പണ്ണയ്ക്ക് ആദ്യപത്തില്‍ സ്ഥാനം ഉറപ്പാകുമായിരുന്നുള്ളൂ. സെമിയില്‍ മത്സരഫലം മറിച്ചായിരുന്നില്ല എന്നതോടെ കാര്യങ്ങള്‍ ബൊപ്പണ്ണയുടെ വഴിക്കായി.
ഇന്ത്യയുടെ മുതിര്‍ന്ന താരം ലിയാന്‍ഡര്‍ പെയ്‌സും ഫ്രഞ്ച് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. ഇതോടെ റാങ്കിംഗില്‍ അഞ്ച് സ്ഥാനം മെച്ചപ്പെടുത്തി പെയ്‌സ് 46 ലെത്തി. വനിതാവിഭാഗം ഡബിള്‍സില്‍ സാനിയ മിര്‍സ-മാര്‍ട്ടിന ഹിംഗിസ് സഖ്യം ലോക ഒന്നാംനമ്പര്‍ പദവി നിലനിര്‍ത്തി. 209-ാം റാങ്കിലുള്ള പ്രാര്‍ഥന താംബോറാണ് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരം.
അതേസമയം പുരുഷ-വനിതാ വിഭാംഗങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുടെ റാങ്കിംഗ് പരിതാപകരമാണ്. പുരുഷവിഭാഗത്തില്‍ മങ്ങിയ ഫോമില്‍ കളിക്കുന്ന യുക്കി ഭാംബ്രിക്ക് 147-ാം റാങ്ക് ആണുള്ളത്. വനിതാവിഭാഗത്തില്‍ ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ താരം 306-ാം റാങ്കുള്ള അങ്കിത റെയ്‌ന ആണ്. നേരത്തെ 300-ാം സ്ഥാനത്തായിരുന്നു അങ്കിത.