ബ്രൈമൂര്‍ – പൊന്മുടി പാത യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി

tvm-ponmudiപാലോട് : മലയോരവാസികളുടെ സ്വപ്നപദ്ധതിയായ ബ്രൈമൂര്‍-പൊന്മുടി പാത യാഥാര്‍ഥ്യമാ ക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അഡ്വ.ഡി.കെ മുരളി എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും വനപാലകരും നിര്‍ദിഷ്ട റോഡ് സന്ദര്‍ശിച്ച് നിലവിലെ അവസ്ഥ വിലയിരുത്തി. കാടുകയറികിടക്കുന്ന പഴയ കുതിരപ്പാത നവീകരിച്ച് വാഹന ഗതാഗതത്തിന് യോഗ്യമാക്കുകയാണ് ലക്ഷ്യമെന്ന് എംഎല്‍എ പറഞ്ഞു.

റോഡ് പുനരുദ്ധരിക്കാന്‍ വനഭൂമി ഏറ്റെടുക്കേണ്ടതില്ല. പൊന്മുടി കമ്പിമൂട്ടില്‍ നിന്നാരംഭിക്കുന്ന ബ്രൈമൂര്‍ റോഡിനു നാല് മീറ്ററോളം വീതിയുണ്ട്.അഞ്ചര കിലോമീറ്ററാണ് ദൈര്‍ഘ്യം. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ റോഡുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ബ്രൈമൂര്‍പൊന്മുടി പാത.ചിലഭാഗങ്ങളില്‍ സുരക്ഷാഭിത്തി നിര്‍മ്മിക്കുകയാണ് റോഡ് പുനരുദ്ധാരണത്തില്‍ പ്രധാനം.നിലവിലെ സ്ഥിതി പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ട്.ബഡ്ജറ്റില്‍ പത്ത് കോടി രൂപയാണ് റോഡ് നിര്‍മ്മാണത്തിന് വകയിരുത്തിയിട്ടു ള്ളത്.പി.ഡബ്ലിയു.ഡി പ്രൊപ്പോസല്‍ സമര്‍പ്പിച്ചാലുടനെ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേരും.

പൊന്മുടി കമ്പിമൂട്ടില്‍ നിന്ന് പുറപ്പെട്ട എം.എല്‍.എയുടെ നേതൃത്വത്തിലുള്ള പരിശോധകസംഘം പതിനൊന്നു മണിയോടെ ബ്രൈമൂര്‍ അടിവാരത്തെത്തി. ബ്രിട്ടീഷുകാരുടെ കാലത്ത് കുതിരസവാരിക്കായി നിര്‍മ്മിച്ചതാണ് ഈ പാത.ഇരുവശവും കാടുകയറി കിടക്കുകയാണ്.മഞ്ഞുപുതച്ച മലമടക്കുകള്‍ താണ്ടി നിര്‍ദ്ദിഷ്ട റോഡിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു.

എം.എല്‍.എയോടൊപ്പം പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ചിത്രകുമാരി,വൈസ് പ്രസിഡന്‍റ് കെ.ജെ.കുഞ്ഞുമോന്‍,പൊന്മുടി വാര്‍ഡ്‌മെമ്പര്‍ തുടങ്ങിയവരും പാലോട് റേഞ്ച്‌ഫോറസ്റ്റ് ഓഫീസര്‍ എസ്.വി.വിനോദ്കുമാര്‍,സെക്ഷന്‍ ഫോറസ്റ്റര്‍ ജി.വി.ഷിബു, .ഡബ്‌ള്യുയു.ഡി നെടുമങ്ങാട് അസിസ്റ്റന്‍റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ടി.എസ്.ജയരാജ്,പാലോട് സെക്ഷന്‍ എ.ഇ വി.എസ്.ആനന്ദ്,എന്നിവരും പങ്കെടുത്തു.റോഡ് പണിയുമായി ബന്ധപ്പെട്ട് ഉടന്‍ പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്ന് പി.ഡബഌയു.ഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.വനംവകുപ്പ് ഉദ്യോഗസ്ഥരും എല്ലാവിധ സഹകരണവും ഉറപ്പ് നല്‍കി.

Related posts