കണ്ണൂര്‍: ഭരണകൂടത്തിന്റെ നിരന്തരമായ വീഴ്ചകളും ഭരണപരമായ പരാജയവും മറച്ചുവയ്ക്കുന്നതിനാണു കേന്ദ്രസര്‍ക്കാര്‍ ഏകീകൃത സിവില്‍ കോഡുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതു കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ്. അധികാരത്തിലെത്തുന്നതിനുവേണ്ടി കാഷ്മീരിന് പ്രത്യേക പദവിയും രാമക്ഷേത്ര നിര്‍മാണവും സമര്‍ഥമായി പ്രയോജനപ്പെടുത്തിയവരുടെ പുതിയ തന്ത്രമാണ് ഏകീകൃത സിവില്‍ കോഡ്. വര്‍ഗീയത ഉയര്‍ത്തിക്കാട്ടി ജനങ്ങളെ ഭിന്നിപ്പിച്ചു ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഏകീകൃത സിവില്‍ കോഡ് വാദമെന്നും പി.സി. വിഷ്ണു നാഥ് ആരോപിച്ചു.
ഏകീകൃത സിവില്‍ കോഡിന്റെ കാണാപ്പുറങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ ഐഎംഎ ഹാളില്‍ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ സംരക്ഷിക്കുന്ന ഭരണഘടനയുള്ള നമ്മുടെ രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് ഒരിക്കലും സാധ്യമല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം മതവിശ്വാസികള്‍ക്കു തങ്ങളുടെ വിശ്വാസം വച്ചുപുലര്‍ത്താം. ഈ നിയമം ഉള്ളിടത്തോളം കാലം ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. മുസ്്ലിം സമുദായത്തെ ലക്ഷ്യമിട്ടു നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബഹുഭാര്യാത്വമാണ് സംഘപരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന ഇപ്പോഴത്തെ വിഷയം.
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സികള്‍ റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നു 50 ദിവസം വേണമെന്ന്്. എന്നാല്‍ ഇക്കണോമിക്സ് ടൈംസ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നത് ആറുമാസമെങ്കിലും പ്രതിസന്ധി പരിഹരിക്കാന്‍ വേണ്ടിവരുമെന്നാണ്. റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു. പി.കെ. ഫിറോസ്, പി.വി. സൈനുദ്ദീന്‍, മുഹമ്മദ് ബ്ലാത്തൂര്‍, ഷെറിന് വര്‍ഗീസ്, ഒ.കെ. പ്രസാദ്, അമൃത രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു