കരുനാഗപ്പള്ളി: ഭീതി പരത്തി ഗ്യാസ് ടങ്കര്‍ ലോറികള്‍ ദേശീയപാതവഴി കടന്നുപോകുമ്പോള്‍ ആശങ്കയോടെയാണ് ജനങ്ങള്‍ നോക്കുന്നത്. കരുനാഗപ്പള്ളി പുത്തന്‍തെരുവ്,കോഴിക്കോട് ചാല ദുരന്തങ്ങള്‍ക്ക് ശേഷം ഗ്യാസ് ടാങ്കര്‍ ലോറികള്‍ അപകടത്തില്‍ പെടുന്നത് പതിവാണെങ്കിലും ദുരന്തം ഒഴിവായി പോകുന്നത് മാത്രമാണ് ആശ്വാസം. 2009 ല്‍ കരുനാഗപ്പള്ളി പുത്തന്‍തെരുവ് ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തരാകാത്ത ജനങ്ങള്‍ക്ക് ആശങ്ക പരത്തി പലതവണയാണ് കരുനാഗപ്പള്ളിയില്‍ വീണ്ടും ഗ്യാസ് ടാങ്കര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ഏപ്രില്‍ 19 നാണ് വവ്വാക്കാവിന് സമീപം നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറിയത്. കൊച്ചിയില്‍ നിന്നും കഴക്കൂട്ടത്തേക്ക് ഗ്യാസുമായി വന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് മറ്റൊരു ടാങ്കറിലേക്ക് മാറ്റിയശേഷമാണ് ലോറി കടയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്തത്. അന്നും തലനാരിഴ്ക്കാണ് അപകടം ഒഴിവായത്. ഇതിന് ഒരു കിലോമീറ്റര്‍ അകലെയാണ് ഇന്നലെ നടന്ന അപകടവും. ഓരോ അപകടങ്ങളും ഉണ്ടാകുമ്പോള്‍ ജനങ്ങളുടെ മനസില്‍ കടന്നുവരുന്നത് പുത്തന്‍തെരുവ് ദുരന്തമാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പന്ത്രണ്ട് പേരുടെ ജീവനുകളണ് ഗ്യാസ് ടാങ്കര്‍ കവര്‍ന്നത്.
ചാല. കരുനാഗപ്പള്ളി ദുരന്തങ്ങള്‍ക്ക് ശേഷം ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാരും സഹായിയും ഉണ്ടാകണമെന്ന നിര്‍ദേശം ഇനിയും പാലിച്ചിട്ടില്ല. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഗവണ്‍മെന്റ് സ്വീകരിച്ച നടപടിക്കെതിരെ ടാങ്കര്‍ ലോറി ഉടമകള്‍ സമരം നടത്തിയാണ് പ്രതികാരം ചെയ്തത്. പിന്നീട് ഇതിന്റെ പേരില്‍ കര്‍ശന നിര്‍ദേശങ്ങള്‍ ഒന്നും ഉണ്ടായില്ല. അപകടത്തില്‍പെടുന്ന ടാങ്കര്‍ ലോറികളില്‍ മിക്കവാറും ഡ്രൈവര്‍ മാത്രമാണ് കാണാറുള്ളത്. ഗ്യാസ് ടാങ്കര്‍ ലോറികള്‍ സുഗമമായി കടന്നു പോകുന്നതിനുള്ള സുരക്ഷാസംവിധാനങ്ങള്‍ ഇനിയും ഒരുക്കിയില്ലെങ്കില്‍ എതിരെ അശ്രദ്ധമായി വരുന്ന വാഹനങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ടാങ്കര്‍ ലോറികള്‍ അപകടത്തില്‍ പെടാന്‍ സാധ്യതയേറെയാണ്.