മണ്ണാരക്കുളഞ്ഞി വളവില്‍ തിട്ടയിടിയുന്നത് വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു

alp-valavuപത്തനംതിട്ട: പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ മണ്ണാരക്കുളഞ്ഞി വളവില്‍ റോഡു തകര്‍ച്ചയും തിട്ടയിടിച്ചിലും വാഹനങ്ങള്‍ക്കു ഭീഷണിയാകുന്നു. മണ്ണാരക്കുളഞ്ഞി ചന്ത ജംഗ്ഷനും മൈലപ്രയ്ക്കും മധ്യേയുള്ള ആദ്യവളവിലെ തിട്ടയാണ് ഇടിയുന്നത്. അരികുചേര്‍ന്നെത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടാന്‍ സാധ്യതയുണ്ട്.

ശബരിമല – പമ്പയിലേക്കും റാന്നി ഭാഗത്തേക്കുമായി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന പാതയിലാണ് അപകടം പതിയിരിക്കുന്നത്. റോഡിന്റെ തിട്ട ഏതുസമയവും ഇടിയാവുന്ന സ്ഥിതിയാണ്. ഒപ്പം ഈ ഭാഗത്ത് റോഡില്‍ മെറ്റലിളകി നിരന്നുകിടക്കുന്നതും അപകടങ്ങള്‍ക്കു കാരണമായേക്കാം. ഭാരവാഹനങ്ങളും യാത്രാബസുകളും അടക്കം കടന്നുപോകുന്ന പാതയില്‍ അപകടം ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളുമുണ്ടായിട്ടില്ല.

കെഎസ്ടിപി പദ്ധതിയിലുള്‍പ്പെട്ടതിനാല്‍ പിഎം റോഡില്‍ നവീകരണ ജോലികളും നടക്കാറില്ല. റോഡില്‍ ഇത്തവണയും അറ്റകുറ്റപ്പണികള്‍ക്കു മാത്രമാണ് തുക അനുവദിച്ചത്.ശബരിമല തീര്‍ഥാടനകാലത്ത് നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണിത്. തടി ലോറികള്‍, മുന്തിയ ഇനം ടിപ്പറുകള്‍ എന്നിങ്ങനെ ഭാരമുള്ള ലോറികള്‍ റോഡുവശത്തോടു ചേര്‍ന്നു പോകുമ്പോള്‍ ഏറെ ഭീതിയുണ്ടാകും. മണ്ണാരക്കുളഞ്ഞിക്കും മൈലപ്രയ്ക്കും മധ്യേയുള്ള മറ്റു രണ്ടുവളവുകളിലും റോഡ് തകര്‍ച്ചയിലാണ്.

Related posts