മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ വോട്ടിംഗ് കുറഞ്ഞു

TVM-LDFമണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.സുരേഷ് രാജ് തോല്ക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി നടത്തിയ പരിശോധനയില്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍നിന്നും വ്യാപകമായി വോട്ടിംഗ് കുറഞ്ഞതായി കണ്ടെത്തി.എല്‍ഡിഎഫിന്റെ ഉറച്ച വോട്ടെന്നു കരുതി അശ്രദ്ധ കാട്ടിയ മേഖലയിലാണ് പ്രധാനമായും എല്‍ഡിഎഫിന് തിരിച്ചടിയുണ്ടായത്.  തെങ്കര, അലനല്ലൂര്‍, കുമരംപുത്തൂര്‍, അട്ടപ്പാടി മേഖലയില്‍ നിന്നെല്ലാം എല്‍ഡിഎഫിന് വോട്ടുകുറഞ്ഞു. എന്നാല്‍ കുറഞ്ഞ വോട്ടുകള്‍ എല്‍ഡിഎഫിന്റെ സ്ഥിരം വോട്ടുകളാണ്.എന്നാല്‍ സാധാരണ ഗതിയിലും കൂടുതല്‍പേര്‍ ഇവിടങ്ങളില്‍ വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്.

ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചതായും കണക്കുകള്‍ പറയുന്നു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മണ്ണാര്‍ക്കാടുനിന്നും 14000 വോട്ടുവരെ ബിജെപിക്ക് ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഇപ്പോഴിത് 10,000 വോട്ടായി ചുരുങ്ങി. ഇടതുപക്ഷത്തിനെതിരേ മുസ്ലിംലീഗും ബിജെപിയും ഒരുമിച്ച് രംഗത്തിറങ്ങിയെന്നും അവര്‍ ആരോപിക്കുന്നു. രണ്ടുതവണയും എല്‍ഡിഎഫിന് തോല്‍വിയുണ്ടായത് നേതാക്കളെ അമ്പരപ്പിച്ചിരിക്കുകയാണ്.അട്ടപ്പാടിയില്‍നിന്നും വന്‍ഭൂരിപക്ഷം നേടുമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടിയത്. എന്നാല്‍ അലനല്ലൂര്‍, കുമരംപുത്തൂര്‍ എന്നിവിടങ്ങളില്‍നിന്ന് യുഡിഎഫ് നേടിയ ഭൂരിപക്ഷം മറികടക്കാന്‍ എല്‍ഡിഎഫിനായില്ല. എല്‍ഡിഎഫിന്റെ സ്ഥിരം കോട്ടകളില്‍നിന്നു വോട്ടുകുറയുകയും ചെയ്തു.

അവലോകനത്തില്‍ ആറായിരം വോട്ടുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 26,000 വോട്ട് മണ്ഡലത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് ബിജെപി വോട്ടും കൂടിയായതോടെ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് അപ്രതീക്ഷിതമായി 12,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടാനായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.തെങ്കര, കുമരംപുത്തൂര്‍, അലനല്ലൂര്‍, എടത്തനാട്ടുകര മേഖലകളില്‍ പാര്‍ട്ടി അനുഭാവികളും വോട്ടുചെയ്തില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട്, കോട്ടോപ്പാടം, അലനല്ലൂര്‍ പഞ്ചായത്തുകളില്‍ വന്‍ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്.

Related posts