ചങ്ങരംകുളം: മതിയായ പോലീസുകാരില്ലാത്തതിനാല്‍ ചങ്ങരംകുളം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു. വ്യാജ വാറ്റും കഞ്ചാവും മണ്ണ്, മണല്‍ മാഫിയകളും അരങ്ങുതകര്‍ക്കുന്ന ചങ്ങരംകുളം സ്റ്റേഷന് പരിധി, പാലക്കാട് ജില്ലാ അതിര്‍ത്തിയായ നീലിയാടും കോക്കൂരും, പൊന്നാനി സ്റ്റേഷന് അതിര്‍ത്തിയായ അണ്ണക്കമ്പാടും, അംശക്കച്ചേരിയും പെരുമ്പടപ്പ് സ്റ്റേഷന് അതിര്‍ത്തിയായ നരണിപ്പുഴയും അത്താണിയും മുതല്‍ തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കടവല്ലൂര്‍ പാടം വരെയുള്ള മേഖലകള്‍ ചേര്‍ന്നതാണ്.
ചങ്ങരംകുളം പോലീസ് സ്റ്റേഷന് നിയന്ത്രിക്കന്‍ 43 പൊലീസുകാരാണ് ആവശ്യം. എന്നാല്‍ ചങ്ങരംകുളം സ്റ്റേഷനില്‍ എസ്ഐ യും രണ്ട് അഡീഷണല്‍ എസ്ഐയും അഞ്ച് എഎസ്ഐമാരും അടക്കം 36 പേര് മാത്രമാണുള്ളത്. അതില്‍ എടപ്പാളില്‍ ട്രാഫിക് നിയന്ത്രണത്തിനും മറ്റുമായി അഞ്ചു പോലീസുകാര്‍ പുറത്തുള്ള ഡ്യൂട്ടിക്കും പോകണം.
എടപ്പാള്‍ മുതല്‍ ചങ്ങരംകുളം കോഴിക്കരവരെ സംസ്ഥാന പാതയിലും അപകടങ്ങള്‍ സംഭവിച്ചാലും ഓടിയെത്താന്‍ ചങ്ങരംകുളം സ്റ്റേഷനിലെ പോലീസുകാരുടെ കുറവുമൂലം സാധിക്കുന്നില്ല. സംസ്ഥാന പാതയില്‍ ഹൈവേ പോലീസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ ഹൈവേ പോലീസിന് കുറ്റിപ്പുറത്തുനിന്നും വരണമെന്നതിനാല്‍ അവിടേയും ചങ്ങരംകുളം പോലീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
ചങ്ങരംകുളം സ്റ്റേഷനില്‍ ഒഴിവുള്ള പോലീസ് തസ്തികയില്‍ ഉടന്‍ നിയമനം നടത്തി പൊതുജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്. മലപ്പുറം ജില്ലയിലെ തന്നെ പ്രധാന പട്ടണമായ എടപ്പാള്‍, ചങ്ങരംകുളം അടക്കമുള്ള മേഖലകളുടെ ക്രമസമാധാനവും ട്രാഫിക് ഡ്യൂട്ടിയുമൊക്കെയായി വട്ടം കറങ്ങുന്ന പോലീസിന് ട്രഷറി, പാറാവ്, പഞ്ചിംഗ് എല്ലാം കൂടിയാകുമ്പോള്‍ കേസന്വേഷണത്തിന് സമയമില്ലാത്ത അവസ്ഥയാണ്.