മത്സരക്കമ്പങ്ങള്‍ പരവൂരിന് എന്നും ഹരം

KLM-PARAVOORഎസ്.ആര്‍.സുധീര്‍കുമാര്‍

കൊല്ലം: പുറ്റിംഗല്‍ ക്ഷേത്രത്തിലെ മത്സരക്കമ്പം എന്നും പരവൂര്‍ നിവാസികളുടെ ഹരമാണ്. ഉത്സവത്തിന്റെ ഭാഗമായി മത്സരക്കമ്പം ഇല്ലെന്ന് അറിഞ്ഞാല്‍ അവര്‍ നിരാശയിലാകും. എങ്ങനെയും കമ്പം നടത്തികിട്ടാന്‍ ദേവസ്വം ഭാരവാഹികളില്‍ നാട്ടുകാര്‍ സമ്മര്‍ദം ചെലുത്തും. മത്സരക്കമ്പം ഇല്ലെങ്കില്‍ പിന്നെ എന്ത് ഉത്സവം എന്ന നിലപാടാണ് നാട്ടുകാര്‍ക്ക്. അത്രയ്ക്ക് കമ്പമാണ് ഇവിടത്തുകാര്‍ക്ക് മത്സരക്കമ്പത്തോട്.അന്യജില്ലകളില്‍ നിന്നുള്ളവര്‍ക്കും പരവൂരിലെ മത്സരക്കമ്പം കാണാന്‍ അതീവ താത്പര്യമാണ്. നൂറുകണക്കിന് ആള്‍ക്കാരാണ് ഇതര ജില്ലകളില്‍ നിന്ന് കമ്പം കാണാന്‍ ഇവിടെ എത്തുന്നത്.അതിപുരാതന കാലം മുതലേ പരവൂരിലെ ക്ഷേത്രോത്സവങ്ങളുടെ ഭാഗമായി കമ്പം നടത്തുമായിരുന്നു. കാലാന്തരത്തില്‍ ജനസാന്ദ്രത വര്‍ധിച്ചതോടെ പല ക്ഷേത്രങ്ങളിലും വെടിക്കെട്ട് അന്യമായി.

പക്ഷേ അപ്പോഴും പുറ്റിംഗല്‍ ക്ഷേത്രത്തില്‍ കമ്പവും വെടിക്കെട്ടുമൊക്കെ തടസമില്ലാതെ തുടര്‍ന്നു. കുറ്റിവെടി, തറവെടി എന്നിവയായിരുന്നു കരിമരുന്ന് പ്രയോഗത്തിന്റെ തുടക്കം.കാലം മുന്നോട്ടുപോയപ്പോള്‍ ഇവ വെടിക്കോട്ട, ചുറ്റുവെടി, മത്താപ്പ് എന്നിവയായി മാറി. തറക്കോട്ട, കമ്പച്ചക്രം, അരിവാലക്കുട, കലായം എന്നിവ കമ്പക്കെട്ടിന്റെ മുഖ്യഘടകങ്ങളായി. അമ്പതടിയോളം പൊക്കം വരുന്ന മൂന്ന് കവുങ്ങ് മരത്തിന്റെ അഗ്രത്തിലായിരുന്നു കൂറ്റന്‍ കലായങ്ങളുടെ സ്ഥാനം. കലായങ്ങളില്‍ 300ല്‍ അധികം കുഴല്‍ അമിട്ടുകള്‍ തരംതിരിച്ച് സജ്ജമാക്കിയിരുന്നു. പിന്നീട് കലായം മണ്ണിലേക്ക് മാറ്റപ്പെട്ടു.അങ്ങനെയാണ് വെടിക്കെട്ട് കമ്പക്കെട്ടായി മാറിയത്.

ഇപ്പോള്‍ നടക്കുന്ന കമ്പത്തിന്റെ മുഖ്യഘടകങ്ങളാണ് പടക്കവും പെരുക്കവും കലായങ്ങളും. ആകാശത്ത് വൈവിധ്യമാര്‍ന്ന വര്‍ണ പ്രപഞ്ചമാണ് ഇവ സൃഷ്ടിക്കുന്നത്.നാടിന് അഭിമാനിക്കാവുന്ന നിരവധി വെടിക്കെട്ട് കലാകാരന്മാരെയും പരവൂര്‍ സംഭാവന ചെയ്തിട്ടുണ്ട്. സിംഗപ്പൂര്‍ സര്‍ക്കാരിന്റെ മികച്ച കമ്പക്കെട്ടുകാരനുള്ള സ്വര്‍ണമെഡല്‍ പൊഴിക്കര ഗോവിന്ദനാശാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.പൊഴിക്കര കൃഷ്ണനാശാനും വിദേശ രാജ്യങ്ങളിലെ വെടിക്കെട്ട് കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഗോവിന്ദനാശാന്‍ നാട്ടില്‍ തിരികെ വന്നപ്പോള്‍ ശ്രീ ചിത്തിരതിരുനാള്‍ വാലരാമവര്‍മ മഹാരാജാവ് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.ഇവരുടെ പിന്മുറക്കായി നിരവധി കമ്പക്കെട്ടുകാര്‍ പരവൂരിന്റെ പ്രശസ്തി നാട്ടിലും വിദേശത്തും എത്തിച്ചു. ഇന്ന് പരവൂരില്‍ അറിയപ്പെടുന്ന കമ്പക്കെട്ടുകാരില്ലെങ്കിലും കമ്പത്തിന് മാത്രം കുറവില്ല.

കമ്പക്കെട്ടിന്റെ തയാറെടുപ്പിനും ഉപകരണങ്ങളും സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനും താത്ക്കാലികമായി കമ്പപ്പുരകള്‍ നിര്‍മിക്കുന്നതാണ് ക്ഷേത്രങ്ങളിലെ സാധാരണ പതിവ്.എന്നാല്‍ സ്ഥിരമായി നിര്‍മിച്ചതും മുഖാമുഖമായി നില്‍ക്കുന്നതുമായ രണ്ട് കമ്പപ്പുരകള്‍ പുറ്റിംഗല്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. മത്സരക്കമ്പം നടത്തുന്നതിന്റെ ഭാഗമായി തന്നെയാണ് ഇങ്ങനെ കമ്പപ്പുര നിര്‍മിച്ചത്.ഇതില്‍ തെക്കുഭാഗത്തെ കമ്പപ്പുരയാണ് കഴിഞ്ഞ ദിവസത്തെ വെടിക്കെട്ടപകടത്തില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞത്.  കേരളം കണ്ട ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് ഇവിടെ നടന്നത്. രാജ്യാന്തര തലത്തില്‍ തന്നെ ഈ അപകടം ശ്രദ്ധിക്കപ്പെട്ടു.

Related posts