തുറവൂര്‍: കടലിലും കായലിലും മത്സ്യങ്ങള്‍ കുറഞ്ഞതോടെ തൊഴിലാളികള്‍ക്ക് ദുരിതകാലം. വല നിറച്ചു മത്സ്യം ലഭിക്കേണ്ട കാലമായിട്ടും കടലിലും കായലിലും മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ മീനൊന്നും ലഭിക്കാതെ പട്ടിണിയെ നേരിടുകയാണ്. ആഴക്കടലില്‍ വലയിറക്കുന്നവര്ക്കു മാത്രമാണ് പേരിനെങ്കിലും മീന്‍ ലഭിക്കുന്നത്. തീരക്കടലില്‍ പകലന്തിയോളം പണിയെടുത്താലും അഷ്ടിക്കുപോലും വക ലഭിക്കാത്ത സ്ഥിതിയാണ്. മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളികള്‍ പലസ്ഥലങ്ങളിലും കടലില്‍ വള്ളമിറക്കാന്‍ മടിക്കുകയാണ്.
അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ്, ചെല്ലാനം തുടങ്ങിയ മേഖലകളില്‍ പേരിനു മാത്രമാണ് വള്ളമിറക്കുന്നത്. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങള്‍ മത്സ്യലഭ്യതയുടെ സീസണായിട്ടാണ് കരുതുന്നത്. ഇക്കാലത്ത് കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് വന്‍തോതില്‍ മത്സ്യം ലഭിച്ചിരുന്നതായി തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ഇക്കൊല്ലം ആഴക്കടലില്‍ മാത്രമാണ് മത്സ്യങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഒഴിഞ്ഞ വള്ളവും വലയുമായി മടങ്ങേണ്ട ഗതികേടിലേക്കാണ് എത്തിക്കുന്നത്.
ആഴക്കടലിലെ മത്സ്യബന്ധനത്തിനുള്ള ഇന്ധനച്ചെലവും മറ്റും തൊഴിലാളികളെ പലപ്പോഴും കടക്കെണിയിലേയ്ക്കാണ് എത്തിക്കുന്നത്. ഇതിനുപുറമെ വലകള്‍ നശിപ്പിക്കുന്ന കടല്മാക്രികളെപ്പോലുള്ള ജീവികളുടെ ശല്യവും ഇവരെ ഈ തൊഴിലില്‍ നിന്നു പിന്തിരിയാന് പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ അന്ധകാരനഴി, പള്ളിത്തോട്, ചാപ്പക്കടവ് മേഖലയില്‍ നിന്നുള്ളവര്‍ ഫോര്‍ട്ടുകൊച്ചി, പുന്നപ്ര തുടങ്ങിയ കേന്ദ്രങ്ങളിലെത്തിയാണ് മത്സ്യബന്ധനത്തിന് പോകുന്നത്.
അമ്പതുപേരടങ്ങുന്ന ഒരു സംഘത്തിന് വള്ളമിറക്കുന്നതിന് 25,000 രൂപ ചെലവുവരുമെന്ന് തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ ചെലവിനാനുപാതികമായി മത്സ്യം ലഭിക്കാറില്ലത്രെ. ഇതിനാല്‍ മേഖലയിലെ 60 ശതമാനത്തിലധികംപേര്‍ തൊഴിലുപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടി പോകുന്ന സ്ഥിതിയാണ്. കായലോര മേഖലയിലെ തൊഴിലാളികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.