കാലടി: കാലടി ഗ്രാമപഞ്ചായത്തിലെ മറ്റൂര്‍ പാണ്ടന്‍കുളം പാടശേഖരം മണ്ണിട്ടു നികത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം. പാടശേഖരവും തോടുകളും ഭൂമാഫിയ മണ്ണിട്ടു നികത്തുന്നതിനാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് പതിമൂന്നാം വാര്‍ഡ് കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു.
മണ്ണിട്ടു നികത്തുന്നതിനാല്‍ വേനല്‍ക്കാലത്ത് കുടിവെളള ക്ഷാമത്തിനും മഴക്കാലത്ത് വെളളക്കെട്ടിനും ഇടയാക്കും. നെല്‍പാടങ്ങളും തോടുകളും മണ്ണിട്ടു നികത്തുന്നത് തടഞ്ഞു കൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവുണ്ടായിട്ടും ഗുണ്ടകളുടെ സഹായത്തോടെ പ്രദേശത്ത് ഭീതി പരത്തി രാത്രി കാലങ്ങളിലാണ് മണ്ണടിച്ചു നികത്തുന്നത്.
പഞ്ചായത്ത് പ്രസിഡന്റായ കെ. തുളസിയുടെ വാര്‍ഡിലാണ് പാണ്ടംകുളം പാടശേഖരം. അനധികൃതമായി അടിച്ചിരിക്കുന്ന മണ്ണു നീക്കം ചെയ്യുന്നതിനും പൊതുതോട് തുറന്ന് സുഗമമായ വെളളക്കെട്ട് ഒഴിവാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന് കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റി പ്രസിഡന്റ് നോബിള്‍ ജോസഫ് അറിയിച്ചു.