മിന്നല്‍പ്പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 52 ലക്ഷം രൂപ

ktm-ksrtcകോട്ടയം: ജനത്തെ പെരുവഴിയിലാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍ സമരം വിജയിപ്പിച്ചെങ്കിലും നഷ്ടത്തിനു കുറവൊന്നുമില്ല. ബുധനാഴ്ചത്തെ പണിമുടക്കില്‍ മാത്രം കോട്ടയം ജില്ലയിലെ കെഎസ്ആര്‍ടിസിക്ക് വരുമാനനഷ്ടം 52 ലക്ഷം രൂപ. കോട്ടയം ജില്ലാ ഡിപ്പോയില്‍ മാത്രം ശരാശരി പ്രതിദിന കളക്ഷന്‍ 15 ലക്ഷം രൂപയാണ്. ജില്ലയിലെ ഏഴു ഡിപ്പോകളിലും പണിമുടക്ക് പൂര്‍ണമായിരുന്നു. പൊന്‍കുന്നം, പാലാ, ചങ്ങനാശേരി ഡിപ്പോകളാണ് വരുമാനത്തില്‍ മുന്‍നിരയിലുള്ളത്.

ശമ്പളം വൈകിയതിന്റെ പേരില്‍ ജില്ലയിലെ ഒരു ഡിപ്പോയില്‍പോലും ബസുകള്‍ നിരത്തിലിറങ്ങിയില്ല. എല്ലാ തൊഴിലാളി യൂണിയനുകളും പണിമുടക്കില്‍ പൂര്‍ണമായി പങ്കെടുക്കുകയും ചെയ്തു. വിവിധ ജില്ലകളില്‍ ഡിപ്പോകള്‍ പണയപ്പെടുത്തി കടമെടുത്താണ് നിലവില്‍ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്നത്. കോട്ടയം ജില്ലയില്‍ ഒരു ഡിപ്പോയും പണയപ്പെടുത്തിയിട്ടില്ല. അതേസമയം വരുംമാസങ്ങളില്‍ പാലാ, പൊന്‍കുന്നം ഡിപ്പോകള്‍ പണയപ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.

Related posts