മുക്കത്തെ ട്രാഫിക് പരിഷ്കരണം വിജയം; പരിഷ്കരണം പൊളിക്കാന്‍ ബസ് ജീവനക്കാര്‍

kkd-polikalമുക്കം: മുക്കം അങ്ങാടിയില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നടപ്പില്‍ വരുന്ന ഗതാഗത പരിഷ്ക്കാരത്തിന്റെ ഭാഗമായി ഇന്നലെ മുതല്‍ തുടങ്ങിയ ട്രയല്‍ റണ്‍ ഒന്നര ദിവസം പിന്നിട്ടപ്പോള്‍  വന്‍ വിജയം. രാവിലെ പെട്ടെന്ന് തുടങ്ങിയ പരിഷ്ക്കരണത്തോട് ഏറെ അനുഭാവപൂര്‍ണമായാണ് യാത്രക്കാര്‍ പ്രതികരിച്ചത്. ഏറെ ഗതാഗത തിരക്കുണ്ടാവാറുള്ള ആലിന്‍ചുവട്, പിസി റോഡ്, ഓര്‍ഫനേജ് റോഡ്, ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെല്ലാം വാഹനത്തിരക്ക് ഏറെ ഒഴിഞ്ഞിരുന്നു. പതിവുപോലെ യാത്രക്കാര്‍ മുക്കത്തെത്തിയെങ്കിലും  അനധികൃത പാര്‍ക്കിംഗും വാഹനത്തിരക്കുമില്ലാത്തതിനാല്‍ അവര്‍ക്ക് ഏറെ സൗകര്യപ്രദമായി. ഇനി ആവശ്യമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ കൂടി സ്ഥാപിച്ചാല്‍ യാത്രക്കാര്‍ക്ക് അത് ആശ്വാസമാവും.

കാരശേരി ബാങ്കിന് മുന്‍വശം, പിസി ജംഗ്ഷന്‍, അഭിലാഷ് ജംഗ്ഷന്‍, എസ്‌കെ പാര്‍ക്കിനുസമീപം, മാര്‍ക്കറ്റ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍    ട്രയല്‍ റണ്‍ തുടങ്ങിയ ദിവസം തന്നെ ഇത് സ്ഥാപിക്കേണ്ട തായിരുന്നു. ആദ്യദിവസം തന്നെ ട്രയല്‍ റണ്‍ വലിയ വിജയമായതോടെ ഇനിയുളള  ദിവസങ്ങളിലെ പരീക്ഷണ ഓട്ടം കൂടി കഴിയുന്നതോടെ ഓഗസ്റ്റ് ഒന്നു മുതല്‍ പൂര്‍ണതോതില്‍ പരിഷ്ക്കരണം നടപ്പാക്കാനാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭാധികൃതരും പോലീസും .

അതിനിടെ പരിഷ്ക്കരണം പൊളിക്കാനുളള ശ്രമവുമായി ഒരു വിഭാഗം ബസ് ജീവനക്കാരും രംഗത്തുവന്നു. ഇന്നലെ തന്നെ അതിനുളള ബോധപൂര്‍വമായ ശ്രമവുമുണ്ടായി. ഓരോ ഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ക്ക് പ്രത്യേകം ട്രാക്ക് അനുവദിച്ചെങ്കിലും പല ബസ് ജീവനക്കാരും സ്റ്റാന്‍ഡിനുനടുവില്‍ ബസ് നിര്‍ത്തി മനഃപൂര്‍വം തിരക്ക് സൃഷ്ടിക്കുകയായിരുന്നു. അനാവശ്യമായി എയര്‍ ഹോണ്‍ മുഴക്കി യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കാനും ചിലര്‍ ശ്രമിച്ചു. ഇത് ചില സമയങ്ങളില്‍ ജീവനക്കാരും പോലീസും റഗുലേറ്ററി കമ്മിറ്റി അംഗങ്ങളും തമ്മില്‍ വാക്കേറ്റത്തിനും കാരണമായി.

ട്രാഫിക് പരിഷ്ക്കരണ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നഗരസഭയും പോലീസും ചേര്‍ന്നാണ് മുക്കത്ത് ട്രാഫിക് പരിഷ്ക്കരണം നടപ്പാക്കുന്നത്.  ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കു മുണ്ടാവുന്ന ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് 10 ദിവസം ട്രയല്‍ റണ്‍ നടക്കുന്നത്. ഈ ദിവസത്തിനകം യാത്രക്കാരും ഉടമകളും പരിഷ്കരണം പൂര്‍ണ തോതില്‍ പഠിക്കുമെന്നും  നഗരസഭാധികൃതര്‍ കരുതുന്നു.

Related posts