കോട്ടയം: മദ്യപിച്ചു വാഹനം ഓടിച്ചാല്‍ അപകടം മാത്രമല്ല പോലീസിന്റെ പിടിയും വീഴും. അപകടത്തില്‍ നിന്നു രക്ഷപെട്ടാലും പോലീസിന്റെ കണ്ണ്വെട്ടിച്ച് പോകാമെന്ന് ആരും കരുതേണ്ട. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടിക്കാന്‍ ഊത്തുമെഷീനുമായി പോലീസ് മുക്കിലും മൂലയിലും നിലയുറപ്പിച്ചിട്ടുണ്ട്. റോഡപകടങ്ങളുടെ പ്രധാനകാരണം മദ്യപിച്ചുള്ള വാഹനമോടിക്കലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു കോട്ടയം ഡിവൈഎസ്പി ബിജു കെ.സ്റ്റീഫന്റെ നേതൃത്വത്തില്‍ കോട്ടയം സബ് ഡിവിഷന്റെ കീഴിലുള്ള പോലീസ് സ്റ്റേഷന് പരിധിയില്‍ വാഹന പരിശോധന കര്‍ശനമാക്കി.
മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നഗരത്തിന്റെ എല്ലായിടങ്ങളിലും ശക്തമായ പരിശോധനയാണ് ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ 178 പേര് മദ്യപിച്ചു വാഹനം ഓടിച്ചതിന്റെ പേരില്‍ പിടികൂടിയതായി ബിജു കെ.സ്റ്റീഫന്‍ പറഞ്ഞു. ഇവരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതുള്‍പ്പടെയുള്ള കര്‍ശനമായ നടപടികളിലേക്കു പോലീസ് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ അടച്ചുപൂട്ടിയെങ്കിലും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ലെന്നാണ് പരിശോധനകളില്‍ നിന്നു വ്യക്തമായിരിക്കുന്നത്. പ്രധാന റോഡുകള്‍ക്കു പുറമെ ഉള്‍വഴികളിലും പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്യപിച്ചു വാഹനമോടിച്ചതായി തെളിഞ്ഞാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നു ഡിവൈഎസ്പി വ്യക്തമാക്കി.
രാത്രി ഏഴിനുശേഷവും പുലര്‍ച്ചെ മൂന്നിനുശേഷവും വാഹന അപകടങ്ങളുടെ എണ്ണം വളരെ കൂടിയതാണു കണക്കുകള്‍. ജനുവരി മാസത്തില്‍ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ മാത്രം എട്ടുപേരാണു അപകടങ്ങളില്‍ മരണപ്പെട്ടത്. ഇതില്‍ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. മദ്യപിച്ച് വാഹനം ഓടിച്ചവരും അപകടത്തില്‍ പെട്ടിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ അപകടത്തില്‍പ്പെടുകയോ മറ്റുവാഹനത്തെ ഇടിപ്പിച്ച് നിര്‍ത്താതെ പോകുകയോ ചെയ്തിട്ടുണ്ടെന്നു പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.