മുതിര്‍ന്നവരുടെ അശ്രദ്ധ ഇനി കുട്ടികള്‍ക്ക് അപകടമാകില്ല! മോട്ടോര്‍ വാഹന വകുപ്പിന്റെ ഉത്തരവിന് ആശയം നല്‍കിയ മനോജിന് ഗുഡ്‌സര്‍വീസ് എന്‍ട്രി

വി.എസ്. രതീഷ്
SI
ആലപ്പുഴ: സംസ്ഥാനത്ത് വാഹനങ്ങള്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്ത് കുട്ടികളെ അതിനുള്ളില്‍ തനിച്ചിരുത്തി വാതില്‍ ലോക്ക് ചെയ്ത് പോകുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിന് ആശയം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് വകുപ്പിന്റെ സമ്മാനം. കുന്നത്തൂര്‍ ജോയിന്റ് റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എം.ജി. മനോജിനാണ് മോട്ടോര്‍ വാഹന വകുപ്പ് ഗുഡ്‌സര്‍വീസ് എന്‍ട്രി നല്‍കിയത്.

പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തനിച്ചിരുത്തി മറ്റാവശ്യങ്ങള്‍ക്കായി മുതിര്‍ന്നവര്‍ പോയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിനെ ബോധ്യപ്പെടുത്തുകയും ഇത്തരം നടപടികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായുള്ള സര്‍ക്കുലര്‍ തയാറാക്കുന്നതിന് വേണ്ട നിയമവശങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തതു പരിഗണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മനോജിന് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.

ഓഗസ്റ്റ് 19നാണ് മോട്ടോര്‍ വാഹന വകുപ്പ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തിയ ശേഷം ലോക്ക് ചെയ്ത് പോകുന്നതുമൂലം അപകടങ്ങള്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായും ഇക്കാര്യത്തില്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന അശ്രദ്ധ അപകടകരമായ വാഹന ഉപയോഗമായി കണക്കിലെടുത്ത് കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ റൂള്‍ 21 സബ് സെക്ഷന്‍ 15 പ്രകാരം ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാനാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

മോട്ടോര്‍ വാഹന വകുപ്പ് വാഹന പരിശോധന നടത്തുമ്പോള്‍ ഈ വിഷയത്തില്‍ സത്വര ശ്രദ്ധയുണ്ടാകണമെന്നും സര്‍ക്കുലറിലുണ്ടായിരുന്നു. ഇന്ത്യയില്‍ കേരളത്തിലാണ് ഇത്തരത്തിലൊരു നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ മനോജ്, ജോലിക്കൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തിലും പങ്കാളിയാണ്. തിരക്കേറിയ ജോലിക്കിടയിലും ഒഴിവുള്ള സമയങ്ങളില്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സമൂഹത്തിന്റെ വിവിധ പരിശ്ചേദങ്ങളടങ്ങിയ ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളത്തും തിരുവനന്തപുരത്തുമായി ഇതിനോടകം ഈ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയിട്ടുണ്ട്.

Related posts