മൂന്നാം വര്‍ഷവും നോമ്പിന്റെ പുണ്യം നുകര്‍ന്ന് ബിമല്‍

KKD-BIMALമുക്കം: മതത്തിന്റേയും മതാചാരത്തിന്റേയും പേരില്‍ മനുഷ്യരെ വേര്‍തിരിച്ച് നിര്‍ത്തുന്ന ഇക്കാലത്ത് മതത്തിന്റെ മതില്‍ക്കെട്ടിനപ്പുറത്തേക്ക് സ്വന്തം മനസിനേയും ശരീരത്തിനേയും ചേര്‍ത്തുനിര്‍ത്തുകയാണ് കുറ്റിക്കടവ് വളയന്നൂര്‍ സ്വദേശി വര്‍ണശാലയില്‍ ബിമല്‍ എന്ന ചെറുപ്പക്കാരന്‍. വിശ്വാസികളുടെ മനസ്സും ശരീരവും വിമലീകരിക്കപ്പെടുന്ന റംസാന്‍ മാസത്തില്‍ പകലന്തിയോളം അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് വ്രതമനുഷ്ഠിക്കുന്ന ഏതൊരു വിശ്വാസിയേയുംപോലെ കഴിഞ്ഞ മൂന്നുവര്‍ഷമായി റംസാന്‍ മാസത്തിലെ എല്ലാ ദിവസവും നോമ്പ് അനുഷ്ഠിക്കുകയാണ് പൂവാട്ടുപറമ്പില്‍ പ്രിന്റിംഗ് പ്രസ് നടത്തുന്ന ബിമല്‍ എന്ന ഈ 37കാരന്‍.

തന്റെ പ്രസില്‍ ജോലിചെയ്യുന്ന മുസ്‌ലിം സഹോദരങ്ങള്‍ റംസാന്‍ മാസത്തില്‍ പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് ജോലിചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ബിമലിനും നോമ്പനുഷ്ഠിക്കണമെന്ന ആശയം മനസ്സിലുദിച്ചത്. അങ്ങനെയാണ് ബിമലും ഭാര്യ ബിനിയും റംസാനില്‍ നോമ്പ് അനുഷ്ഠിച്ച് തുടങ്ങിയത്. കഴിഞ്ഞ വര്‍ഷവും ഭര്‍ത്താവിനൊപ്പം 30 നോമ്പും അനുഷ്ഠിച്ച ബിനി ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ നോമ്പെടുക്കുന്നില്ല. പക്ഷെ, നോമ്പനുഷ്ഠിക്കുന്ന ബിമലിന് സുബഹി ബാങ്കിന് മുമ്പ് അത്താഴംവച്ച് വിളമ്പിയും മഗ്‌രിബ് ബാങ്കിനുശേഷം നോമ്പ് തുറക്കാനുള്ള ഭക്ഷണം തയാറാക്കിയും ബിനി കൂടെത്തന്നെയുണ്ട്.

സാധാരണ വിശ്വാസികള്‍ ചെയ്യാറുള്ളത് പോലെ കാരക്കയും വെള്ളവും കഴിച്ചു തന്നെയാണ് നോമ്പുതുറക്കുക. പിന്നെ ചപ്പാത്തിയും മത്സ്യക്കറിയും പഴവര്‍ഗ്ഗങ്ങളും. എന്നാല്‍ മാംസാഹാരങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്താറേയില്ല. കൃത്യമായി നോമ്പനുഷ്ഠിക്കുന്നത് തന്റെ ശരീരത്തേയും തൊഴിലിനേയും തീരെ ബാധിക്കുന്നില്ലെന്ന് മാത്രമല്ല മനസ്സിനും ശരീരത്തിനും കൂടുതല്‍ സുഖമനുഭവപ്പെടുന്നുണ്ടെന്നും ബിമല്‍ സാക്ഷ്യപ്പെടുത്തുന്നു. തന്നെയുമല്ല, നോമ്പ് പകുതി പിന്നിട്ടപ്പോഴേക്കും ശരീരത്തിന്റെ തൂക്കം മൂന്നു കിലോ കുറഞ്ഞുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ബിമല്‍. റംസാനിലെ നോമ്പ് മാത്രമല്ല വൃശ്ചികമാസത്തിലെ മണ്ഡലവ്രതവും മറ്റ് ഏകാദശി വ്രതവും കൃത്യമായി നോല്‍ക്കാറുണ്ട് ബിമല്‍.

ഇത്തവണ ബിമലിന്റെ ചില സുഹൃത്തുക്കളും ഈ നല്ല ശീലത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് നോമ്പനുഷ്ഠിക്കുന്നുണ്ട്. ചെറിയ രീതിയിലാണങ്കിലും തന്റെ വീട്ടില്‍ ഇഫ്താര്‍ വിരുന്നും സംഘടിപ്പിക്കാറുണ്ട് ബിമല്‍. നിരവധി കുടുംബങ്ങള്‍ നോമ്പുതുറക്കാന്‍ തങ്ങളേയും ക്ഷണിക്കാറുണ്ടന്ന് ബിമല്‍ പറയുന്നു. ജാതിയുടേയും മതത്തിന്റെയും പേരില്‍ വേര്‍തിരിച്ച് നിര്‍ത്തേണ്ടതല്ല ആചാരങ്ങളെന്നും എല്ലാ മതങ്ങളും മതാചാരങ്ങളും മനുഷ്യന്റെ നന്‍മ മാത്രം കാംക്ഷിച്ച് കൊണ്ടുളളതാണന്നും വിശ്വസിക്കാനാണ് ബിമലിനിഷ്ടം.

Related posts