മെറിന്റെ തിരോധാനം: പ്രതികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും

merinകൊച്ചി: ഭീകരസംഘടനയിലേക്കു മലയാളികളെ റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മുംബൈ സ്വദേശികളുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള ആര്‍ഷി ഖുറേഷി, റിസ്‌വാന്‍ ഖാന്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് അവസാനിക്കുന്നത്. ഇവര്‍ക്ക് കേരളത്തില്‍ നിന്ന് തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ കടത്തിയ സംഭവുമായി ബന്ധമുണ്ടെന്നതിന് തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.

കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്. യുഎപിഎ പ്രകാരം കേസെടുത്തതിനാല്‍ ആവശ്യമെങ്കില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ കഴിയുമെന്നാണ് സൂചന. കൊച്ചി സ്വദേശി മെറിനെ കാണാതായ കേസില്‍ മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് മുംബൈയില്‍ വച്ച് ആര്‍ഷിയെയും റിസ് വാനെയും പോലീസ് അറസ്റ്റ് ചെയ്തത്. 25 ദിവസത്തോളം പ്രതികളെ ചോദ്യം ചെയ്തിട്ടും മെറിനും അവര്‍ക്കൊപ്പം വിദേശത്തേക്ക് കടന്നവരും എവിടെയാണ് എന്നതിനെപ്പറ്റി പോലീസിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല.

മെറിന്‍ അടക്കമുള്ളവരെ ബംഗളുരു വിമാനത്താവളത്തില്‍ എത്തിച്ചതും അവിടെ നിന്ന് ടെഹ്‌റാനിലേക്ക് കടക്കാന്‍ സഹായിച്ചതും ആര്‍ഷി ഖുറേഷിയാണെന്ന്  അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. മലയാളി യുവാക്കളെ മതം മാറാന്‍ സഹായിച്ചതല്ലാതെ ഇവരെ വിദേശത്തേക്ക് കടത്തിയിട്ടില്ലെന്നാണ് പ്രതികളുടെ മൊഴി. കസ്റ്റഡി കാലാവധി തീരുന്നതോടെ പ്രതികള്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും എറണാകുളം സെഷന്‍സ് കോടതി പരിഗണിക്കും.

Related posts