കളമശേരി: ലാഭവിഹിതം നല്‍കാമെന്ന പേരില്‍ 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ അറസ്റ്റിലായ ഉടമയേയും മാനേജരേയും കോടതിയില്‍ ഹാജരാക്കും. കരിവേലിമറ്റം ചിട്ട്‌സ് ആന്‍ഡ് ഫൈനാന്‍സ് ഉടമ തൃക്കാക്കര സ്വദേശി കെ.കെ. നവാസിനേയും(37) മാനേജര്‍ കാക്കനാട് കരിക്കാട് വളപ്പില്‍ വീട്ടില്‍ സലാമിനേയു(40) മാണ് കളമശേരി പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി വെണ്ണല പുത്തന്‍പറമ്പില്‍ സ്വദേശി സുനീര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. പ്രതികള്‍ക്കെതിരെ തൊടുപുഴയിലും കൊടുങ്ങല്ലൂരിലും കേസുണ്ട്.
ബിസിനസില്‍ പങ്കാളിത്തം നല്‍കാമെന്നും ലാഭവിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് സുനിറില്‍ നിന്ന് 27 ലക്ഷം രൂപ ചിട്ടി കമ്പനി വാങ്ങിയത്. എന്നാല്‍ തിരികെ പണം സുനിര്‍ ആവശ്യപ്പെട്ടെങ്കിലും ഉടമകള്‍ നല്‍കിയില്ലെന്ന് പരാതിയില്‍ പറയുന്നു. തുക നല്‍കിയത് വീടും സ്ഥലവും പണയപ്പെടുത്തിയാണെന്ന് സുനീര്‍ പറഞ്ഞു. സുനീറിനെ കൂടാതെ പത്തോളം പരാതികള്‍ കളമശേരി പോലീസ് സ്‌റ്റേഷനില്‍ ലഭിച്ചിട്ടുണ്ട്.തിങ്കളാഴ്ച ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തൃക്കാക്കര അമ്പലത്തിനടുത്തുള്ള സ്ഥാപനത്തിന്റെ ഹെഡ് ഓഫീസില്‍ പോലീസ് പരിശോധന നടത്തി. ഇടപാടുകളുമായി ബന്ധപ്പെട്ട നിരവധി രേഖകളും മറ്റും പിടിച്ചെടുത്തു.
പലരില്‍ നിന്നായി ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചതായ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഉടമയേയും മാനേജരേയും ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നത്.സംഭവമറിഞ്ഞതോടെ നൂറു കണക്കിന് നിക്ഷേപകര്‍ കളമശേരി പോലീസ് സ്‌റ്റേഷനിലേക്ക് എത്തി. എന്നാല്‍ പരാതി രേഖാമൂലം നല്‍കാന്‍ ആരും തയാറായില്ല. ആളും ബഹളവും കൂടിയതോടെ എസ്‌ഐ ഷിബു കാര്യങ്ങള്‍ വിശദീകരിച്ചു. ഇരുപതോളം പേര്‍ പരാതി നല്‍കാന്‍ തയാറായെങ്കിലും രാത്രിയായപ്പോള്‍ പരാതി പത്തായി ചുരുങ്ങി. കരുവേലി മറ്റത്തിന് 25 ശാഖകളാണ് എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി ഉള്ളത്. കൂടാതെ അഞ്ച് കളക്ഷന്‍ സെന്ററുകളുമുണ്ട്.
കഴിഞ്ഞ ദിവസം ചെങ്ങമനാട് ശാഖയില്‍ നിക്ഷേപം തിരിച്ചു കിട്ടുന്നില്ലെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു പോലീസ് ഇടപെട്ട് ഒരു മാസത്തെ കാലാവധിയില്‍ ചെക്കുകള്‍ കമ്പനി നല്‍കിയിരുന്നു. തൃക്കാക്കരയിലെ ഹെഡ് ഓഫീസില്‍ വച്ചാണ് ചെക്കുകള്‍ നല്‍കിയത്. പലരും അതിനാല്‍ രേഖാമൂലം പരാതി നല്‍കിയില്ല. സുനീര്‍ പരാതി നല്‍കുകയും കേസെടുക്കണമെന്ന് നിര്‍ബന്ധം പിടിച്ചതോടെയാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത്.
ചിട്ടിയില്‍ നിന്ന് ലഭിക്കുന്നതും അല്ലാത്തതുമായ പണം കമ്പനിയില്‍ നിക്ഷേപിക്കുകയാണ് നിക്ഷേപകര്‍ ചെയ്യുന്നത്. ഉയര്‍ന്ന പലിശ വാഗ്ദാനമാണ് ജനങ്ങളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞ മൂന്നു മാസമായി നിക്ഷേപകരുമായി പണമിടപാടുകള്‍ കൃത്യമായി നടക്കുന്നില്ലെന്ന് പോലീസ് പറഞ്ഞു. തൊടുപുഴയിലും കൊടുങ്ങല്ലൂരിലും സമാനമായ കേസുകള്‍ ഉണ്ടെന്നും പോലീസ് അറിയിച്ചു. കോടികളുടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നതും നിയമാനുസൃതമല്ലെന്നും പോലീസ് പറയുന്നു. അതേ സമയം എല്ലാവരുടെയും പണം എട്ടു മാസത്തിനകം തന്നെ തിരികെ നല്‍കാനാകുമെന്ന് ഉടമ നവാസ് പറഞ്ഞു.
