ബംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെദിയൂരപ്പയും സന്തതസഹചാരിയും ബിജെപി നേതാവുമായ ശോഭ കരന്തലജെയും കേരളത്തിലെ ക്ഷേത്രത്തില്‍ രഹസ്യമായി വിവാഹം ചെയ്തതായി ആരോപ ണം. കര്‍ണാടക ജനതാ പക്ഷ(കെജെപി) സ്ഥാപക പ്രസിഡന്റ് പത്മനാഭ പ്രസന്നയാണ് ഈ വിവരം കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്.
പത്രസമ്മേളനം ആരംഭിച്ചതിനു തൊട്ടുപിന്നാലെ അജ്ഞാതരായ ഏതാനുംപേര്‍ അടുത്തെത്തി പത്മനാഭ പ്രസന്നയുടെ ദേഹത്ത് രാസവസ്തു ഒഴിച്ചു. രണ്ടു വലിയ ജാറുകളില്‍ കൊണ്ടുവന്ന രാസവസ്തുവാണ് ഒഴിച്ചത്. അജ്ഞാതസംഘം ഉടന്‍ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. സ്ത്രീകളെ ബഹുമാനിക്കണമെന്നും ശോഭ കരന്തലജയ്ക്കെതിരായ ആരോപണം ശരിയല്ലെന്നും പറഞ്ഞാണ് സംഘം സ്ഥലംവിട്ടത്. ഭാരത രക്ഷണ വേദികെ കീ ജയ് എന്ന മുദ്രാവാക്യവും സംഘം മുഴക്കി.
ശോഭയുമായുള്ള രഹസ്യവിവാഹം പുറത്തുകൊണ്ടുവരുമെന്ന ഭീതിയിലാണ് യെദിയൂരപ്പ തന്നെ ലക്ഷ്യമിടുന്നതെന്ന് സംഭവശേഷം പത്മനാഭ പ്രസന്ന ആരോപിച്ചു. വിവാഹത്തിനുശേഷം കേരളത്തിലെ ക്ഷേത്രത്തിന് ഡൈനിംഗ് ഹാള്‍ നിര്‍മിച്ചുനല്‍കുമെന്ന് യെദിയൂരപ്പ വാഗ്ദാനം ചെയ്തിരുന്നുവെന്നും വാഗ്ദാനപ്രകാരം ഡൈനിംഗ് ഹാള്‍ നിര്‍മിച്ചു നല്‍കിയെന്നും പദ്മനാഭ ചൂണ്ടിക്കാട്ടി. തനിക്ക് സെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്കിയാല് വിവാഹം സംബന്ധിച്ച സിഡി പുറത്തുവിടാമെന്ന് മുമ്പൊരിക്കല്‍ പത്മനാഭ പ്രസന്ന വ്യക്തമാക്കിയിരുന്നു. യെദിയൂരപ്പ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ശോഭ കരന്തലജെ ഇപ്പോള്‍ ഉഡുപ്പി–ചിക്മംഗളൂര് എംപിയാണ്.