മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധിയുടെ പ്രസംഗം മലയാളത്തിൽ പരിഭാഷപ്പെടുത്തി കരുവാരക്കുണ്ട് ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി സഫ സെഫിൻ ശ്രദ്ധേയമായി. ഇന്നു രാവിലെ പത്തരയോടെ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമമായ കരുവാരക്കുണ്ട് ജിഎച്ച്എസ്എസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി.
ഇംഗ്ലീഷിലാണ് അദ്ദേഹം പ്രസംഗിച്ചത്. ഇതു കൃത്യമായി മലയാളത്തിലാക്കി അവതരിപ്പിക്കുകയായിരുന്നു ഈ മിടുക്കി. ചടങ്ങിൽ പങ്കെടുത്ത പ്രമുഖരുടെ പ്രശംസയും സഫ ഏറ്റുവാങ്ങി. കരുവാരക്കുണ്ടിനടുത്തു കുട്ടത്തിയിലെ ഓടാല കുഞ്ഞിമുഹമ്മദിന്റെ മകളാണ് സഫ സെഫിൻ.
രാഹുലിന്റെ പ്രസംഗം മലയാളത്തിൽ പരിഭാഷപ്പെടുത്താൻ സ്കൂൾ അധികൃതർ സഫ സെഫിനെ നിയോഗിക്കുകയായിരുന്നു. ഇതോടെ സ്കൂളിലെ താരമായി മാറിയിരിക്കുകയാണ് സഫ സെഫിൻ. മലപ്പുറം ജില്ലയിലെ വിവിധ പരിപാടികളിൽ ഇന്നു രാഹുൽ പങ്കെടുക്കുന്നുണ്ട്.