കോഴിക്കോട്: ജില്ലയില്‍ ഒരാള്‍ക്കു കൂടി ഡിഫ്തീരിയ രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തൊന്‍പതു വയസുകാരനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുകുന്ന് സ്വദേശിയാണ്. ഇതേത്തുടര്‍ന്ന് രാമനാട്ടുകര നഗരസഭയില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
രോഗം റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തു നിരീക്ഷണം ആരംഭിച്ചുകഴിഞ്ഞു. പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജീവനക്കാര്‍ ആറു സക്വാഡുകളിലായി തിരിഞ്ഞാണ് സര്‍വേ നടത്തുന്നത്. സ്കൂളുകളില്‍ നിന്നു പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരുടെയും ഭാഗീകമായി എടുത്തവരുടെയും വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. മരുന്നു ലഭ്യമാകുന്നതോടെ പ്രദേശത്തു പ്രത്യേക കുത്തിവയ്പ് ക്യാമ്പ് സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്.
രോഗബാധിതന്‍ ‘മുങ്ങി”
കോഴിക്കോട്: ഡിഫ്തീരിയ ലക്ഷണങ്ങളോടെ ചികിത്സ തേടിയയാള്‍ മുങ്ങിയതു ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആശങ്കയും തലവേദനയുമായി. പ്രാഥണിക പരിശോധനയില്‍ രോഗം സംശയിക്കുന്ന 24 വയസുകാരനായ ഇതരസംസ്ഥാന തൊഴിലാളിയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ നിന്നു കടന്നുകളഞ്ഞത്.
ഫറോക്ക് പരുത്തിപ്പാറയ്ക്കടുത്ത് പള്ളിമീത്തലിലെ താമസക്കാരനെന്നാണ് ആശുപത്രിയില്‍ നല്കിയ വിലാസം. പനിയും തൊണ്ടവേദനയുമായെത്തിയ യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. എന്നാല്‍ മൂന്നുദിവസം പിന്നിട്ടിട്ടും ഇയാള്‍ മെഡിക്കല്‍ കോളജിലെത്തിയില്ല. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശ പ്രകാരം ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണിപ്പോള്‍.