മുളങ്കുന്നത്തുകാവ്: സഹായ വാഗ്ദാനവുമായി എത്തിയ ആള് രോഗിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്ത് മുങ്ങി. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രണ്ടാം വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട സ്വദേശി സുരേന്ദ്രന്റെ ഭാര്യയുടെ ആഭരണങ്ങളും പണവും അടങ്ങുന്ന ബാഗാണ് മോഷണം പോയത്. ഇന്നു രാവിലെ ആറരയ്ക്കായിരുന്നു സംഭവം. ഒന്നര പവന്റെ സ്വര്‍ണമാല, അരപവന്‍ വരുന്ന മോതിരം, രണ്ടു ഗ്രാമിന്റെ കമ്മല്‍, രണ്ടു സ്വര്‍ണ കോയിന്, ഒരു ഗ്രാമിന്റെ സ്വര്‍ണമോതിരം അടക്കം മൂന്നര പവന് സ്വര്‍ണവും നാലായിരം രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.
കാലൊടിഞ്ഞു ചികിത്സയിലുള്ള സുരേന്ദ്രനെ ശസ്ത്രക്രിയയ്ക്കായി ഒരാഴ്ച മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ ടോയ്ലറ്റിലേക്ക് പോകാന്‍ വീല്‍ ചെയറില്‍ കയറാന്‍ സുരേന്ദ്രന് കഷ്ടപ്പെടുന്നത് കണ്ട് ഒരു മദ്ധ്യവയസ്കന് സഹായിക്കാനെത്തുകയായിരുന്നു. സുരേന്ദ്രനെ വീല്‍ ചെയറിലിരുത്തിയ ശേഷം ഇയാള്‍ തന്നെ വീല്‍ ചെയര്‍ തള്ളി ടോയ്ലറ്റിനു സമീപമെത്തിച്ചു. തുടര്‍ന്ന് ടോയ്ലറ്റിലേക്കു കയറാന്‍ ഭാര്യ സുരേന്ദ്രനെ സഹായിക്കുന്ന സമയത്താണ് മോഷ്ടാവ് ബാഗുമായി മുങ്ങിയത്. പത്ത് മിനിട്ടിനു ശേഷം സുരേന്ദ്രനും ഭാര്യയും ടോയ്ലറ്റില് നിന്നു പുറത്തുവന്നപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
ഉടന്‍ രോഗികളും കൂട്ടിരിപ്പുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിന്റെ പൊടിപോലും കണ്ടില്ല. സുരേന്ദ്രന്റെ കട്ടിലിനടിയിലിരുന്ന ബക്കറ്റും കപ്പും രോഗിക്കു കൊടുക്കാനുള്ള വ്യാജേന ഇയാള്‍ എടുത്തിരുന്നു. ഈ സമയത്താണ് തലയിണയ്ക്കടിയിലിരുന്ന ബാഗ് ഇയാള്‍ കൈക്കലാക്കിയതെന്ന് കരുതുന്നു. ഇതേ ബക്കറ്റില്‍ ഒളിപ്പിച്ച് തന്ത്രപൂര്‍വം ഇയാള്‍ ബാഗ് പുറത്തേക്കു കൊണ്ടുപോവുകയായിരുന്നു. ബക്കറ്റ് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.