ലഹരി ഗുളികയുടെ വന്‍ശേഖരവുമായി യുവാവ് പിടിയില്‍

KKD-GULIKAവടകര: ലഹരി ഗുളികയുടെ വന്‍ശേഖരവുമായി യുവാവ് വടകരയില്‍ പിടിയില്‍. തലശേരി തിരുവങ്ങാട് ആലുങ്കല്‍ സമീറാണ് (39) വലയിലായത്. ഉറക്കഗുളികയായി ഉപയോഗിക്കുന്ന ‘നിട്രാസെപാം’ മരുന്നാണ് ഇയാളില്‍ നിന്നു പിടിച്ചെടുത്തത്. വടകരയിലെ മയക്കുമരുന്ന് സംഘങ്ങള്‍ക്ക് എത്തിക്കാന്‍ കൊണ്ടുവരുമ്പോള്‍ പിടിയിലാവുകയായിരുന്നു. ഇയാളില്‍ നിന്നു 705 ഗുളികകള്‍ കണ്ടെടുത്തു. ഇത്രയേറെ ലഹരി മരുന്ന് പിടികൂടുന്നത് വടകരയില്‍ ഇതാദ്യമാണ്.

ഉറക്കമില്ലായ്മക്കും ഉല്‍ക്കണ്ഠക്കും വിഷാദത്തിനും ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്ന് വിപണിയില്‍ സുലഭമായി ലഭിക്കില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രം നല്‍കേണ്ട മരുന്നാണ് ഇത്. മരുന്ന് ശീട്ടിന്റെ പകര്‍പ് മെഡിക്കല്‍ ഷോപ്പില്‍ സൂക്ഷിക്കുകയും സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണ്ടതുണ്ട്. ഇത്തരം മരുന്നുകളുടെ വിശദാംശങ്ങള്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും. ഇങ്ങനെ വളരെ ഗൗരവത്തില്‍ കൈകാര്യം ചെയ്യുന്ന ഗുളികയാണ് മയക്കുമരുന്നു കടത്തുകാരന്റെ കൈയില്‍ നിന്നു പിടിച്ചെടുത്തിരിക്കുന്നത്.

ഇത്രയേറെ മരുന്നുകള്‍ ഒന്നിച്ച് കണ്ടെടുത്ത കാര്യം ഫാര്‍മിസ്റ്റുകള്‍ അടക്കമുള്ളവരെ വിസ്മയിപ്പിച്ചു. ഒരു മെഡിക്കല്‍ ഷോപ്പിലും ഈയിനത്തില്‍പെട്ട നൂറു ഗുളിക പോലും സൂക്ഷിക്കാറില്ല. എക്‌സൈസിന്റെ റെയ്ഡ് ഒഴിവാക്കാന്‍ പല മരുന്നുകടക്കാരും ഇത്തരം മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതും നിര്‍ത്തിയിരിക്കുകയാണ്. ഇതിനിടയിലാണ് വന്‍ ശേഖരവുമായി ഒരാള്‍ വടകരയിലെത്തുന്നത്. കഞ്ചാവ് പോലെയുള്ള മയക്കുമരുന്നുകള്‍ക്കു പകരം ലഹരി ഗുളിക ഉപയോഗിക്കുന്നത് വര്‍ധിച്ചിരിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

ബംഗളൂരില്‍ നിന്നാണ് ഇത്രയേറെ ഗുളിക കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ സമീര്‍ എക്‌സൈസിനോട് പറഞ്ഞു. ആറു രൂപ വിലയുള്ള നിട്രാസെപാം നൂറു രൂപക്കാണ് ഇയാള്‍ മറിച്ചുവില്‍ക്കുന്നത്.വടകരയില്‍ ലഹരി ഗുളികയുടെ ഉപയോഗം വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് എക്‌സൈസ് സംഘം ജാഗ്രതയിലാണ്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സമീറിനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

എടോടിയില്‍ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിനു മുന്നിലെ മെയിന്‍ റോഡില്‍ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. ഇയാള്‍ പലതവണ ലഹരി മരുന്ന് വടകരയില്‍ എത്തിച്ചുണ്ടെങ്കിലും പിടിയിലായപ്പോള്‍ ഇതാദ്യമായി കൊണ്ടുവരുന്നുവെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇതിന്റെ കേന്ദ്രം ഉള്‍പെടെയുള്ള കാര്യങ്ങള്‍ വിശദമായി അറിയേണ്ടതുണ്ടെന്ന് എക്‌സൈസ് വെളിപ്പെടുത്തി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.മുരളീധരന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം.ഹനീഫ, പ്രിവന്റീവ് ഓഫീസര്‍ എ.കുഞ്ഞികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.പി.ഷൈജു, എന്‍.എം.സുനീഷ്, കെ.ആര്‍.സോനേഷ്കുമാര്‍, വിജയന്‍ കുനിയാണ്ടത്തില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ലഹരി മരുന്നും പ്രതിയേയും വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

Related posts