കൊച്ചി: ലാവ്ലിന് കേസില്‍ സിപിഎം പോളിറ്റ് ബ്യുറോ അംഗവും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും.
ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിട്ടുള്ള ലാവ്ലിന് ഇടപാട് സംബന്ധിച്ച ഹര്‍ജി വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നത് രാഷ്ട്രീയ കേരളം ഏറെ പ്രാധാന്യത്തോടെയാണ് ഉറ്റുനോക്കുന്നത്. വിശേഷിച്ചും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പടിപ്പുറത്ത് എത്തി നില്ക്കുന്ന സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കു വഴിവെയ്ക്കുന്നതാണ് കോടതിയില്‍ നിന്നും ഇത് സംബന്ധിച്ച് ഉണ്ടാകുന്ന ഏത് പരാമാര്‍ശവും. സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും വഴിത്തിരിവ് സൃഷ്ടിച്ച് വിഎസ് പിണറായി പോര് ശക്തമാകുന്നതും പ്രധാനമായും ലാവ്ലിന് പ്രശ്നത്തെ കേന്ദ്രീകരിച്ചായിരുന്നു.
ജസ്റ്റീസ് പി. ഉബൈദാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹര്‍ജി അനുവദിച്ചാണ് സിംഗിള്‍ ബെഞ്ച് ഹര്‍ജി ഇപ്പോള്‍ പരിഗണിക്കുന്നത്. സിബിഐ നല്കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കുന്നതിനും കോടതി നിര്‍ദേശം നല്‍കിയിരുന്നു.
പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തിനു കഴമ്പുണ്ടെന്നു ഹര്‍ജിയുടെ പ്രാഥമിക വായനയില്‍ തന്നെ വിലയിരുത്താമെന്നു കോടതിയുടെ ഇടക്കാല ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം പുന:പരിശോധനാ ഹര്‍ജികള്‍ വേഗത്തില്‍ വാദം കേട്ട് തീര്‍പ്പാക്കണമെന്ന ആവശ്യം സാധ്യമല്ലാത്ത സാഹചര്യമാണ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നത്. അഴിമതി നിരോധന പ്രകാരമുള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ടു 10 മുതല്‍ 15 വര്‍ഷം മുമ്പ് വരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പോലും കോടതിക്ക് പരിഗണിച്ച് തീര്‍പ്പാക്കാന്‍ ആയിട്ടില്ലെന്നും കോടതി നേരത്തെ ചൂണ്ടിക്കാട്ടുകയുണ്ടായി.
എന്നാല്‍, സര്‍ക്കാര്‍ ഖജനാവിനു നഷ്ടം ഉണ്ടാക്കിയതും, സര്‍ക്കാരിനെ ബാധിക്കുന്നതുമായ ഹര്‍ജിക്കു കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും, സാധാരണയില്‍ നിന്നു വ്യത്യസ്തമായി ക്രമം വിട്ടു ഈ വിഷയം പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിലാണ് ഹര്‍ജി ഈ മാസം അവസാനത്തോടെ പരിഗണിക്കാനായി ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കുകയായിരുന്നു. സിബിഐ നല്കിയ പുന:പരിശോധനാ ഹര്‍ജിയും, സര്‍ക്കാര്‍ ഹര്‍ജിയും, ഇതേ ആവശ്യമുന്നയിച്ചു ടിപി നന്ദകുമാര്‍, കെ.എം ഷാജഹാന് എന്നിവര്‍ നല്കിയ ഹര്‍ജികളുമാണ് കോടതി പരിഗണിക്കുക.
സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്ന് അന്തിമവാദമാണ് ആരംഭിക്കുക. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണവുമായി ബന്ധപ്പെട്ട് 86.25 കോടിയുടെ ക്രമക്കേടു നടന്നതായാണു കേസ്. എസ്എന്‍സി ലാവ്ലിന് കമ്പനിയുമായ കെഎസ്ഇബി ധാരണാപത്രം ഒപ്പിടുന്നതോടെയാണ് ലാവ്!ലിന് ഇടപാടിന്റെ തുടക്കം. അന്ന് വൈദ്യുതിമന്ത്രി ജി. കാര്‍ത്തികേയനായിരുന്നു. ഈ ധാരണാപത്രം അടുത്തവര്‍ഷം ഫെബ്രുവരി 24ന് കരാറായി ഒപ്പിട്ടു.
പ്രോജക്ട് ആവിഷ്കരണം, ഡിസൈനിംഗ്, ടെന്‍ഡറുകള്‍ തയാറാക്കല്‍ തുടങ്ങിയവ ചെയ്യുന്നതിന് കണ്‍സള്‍ട്ടന്റിനെ ചുമതലപ്പെടുത്തുന്നതിനുള്ള കരാര്‍ ഒപ്പിട്ടതും ജി. കാര്‍ത്തികേയന്റെ കാലത്തായിരുന്നു. 17.5 കോടിയാണ് ഇതിനുള്ള ചെലവ്. 1996 മേയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പിണറായി വിജയനായി വൈദ്യുതിമന്ത്രി. കാര്‍ത്തികേയന്റെ കാലത്ത് ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാറില്‍ അനുബന്ധ കരാര്‍ ഉണ്ടാക്കി യന്ത്രസാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിനുള്ള ചുമതല ലാവ്ലിനെ ഏല്‍പ്പിക്കുന്നത് പിണറായിയുടെ കാലത്തായിരുന്നു.
1996 ഫെബ്രുവരിയില്‍ ലാവ്ലിന് കമ്പനിയുമായി ഒപ്പിട്ട കണ്‍സള്‍ട്ടന്‍സി കരാര്‍ പിണറായി വൈദ്യുതി മന്ത്രിയായ ശേഷമാണ് വിതരണക്കരാര്‍ ആക്കിയത്. ഇതിനു മുന്നോടിയായി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം കാനഡ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തിലെ ധാരണ പ്രകാരമാണ് പിന്നീട് കരാര്‍ ഒപ്പിട്ടത്. അതിനു വൈദ്യുതി ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ അനുമതി ഇല്ലായിരുന്നു.
സാമഗ്രികള്‍ വാങ്ങുന്നതിനായി 169 കോടിക്കുള്ള വായ്പ കനേഡിയന്‍ ഏജന്‍സിയായ ഇഡിസിയില്‍ നിന്ന് വാങ്ങാനും തീരുമാനിച്ചു. ഈ അനുബന്ധകരാര്‍ ഒപ്പിടുന്നത് 1997 ഫെബ്രുവരി 10 നാണ്. തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കുന്നതിന് 98.3 കോടി രൂപ ഗ്രാന്റായി നല്‍കുന്നതിന് 1998 ഏപ്രില്‍ 25ന് ലാവ്ലിനും വൈദ്യുതിവകുപ്പും തമ്മില്‍ ധാരണാപത്രവും ഒപ്പിട്ടു. ഇത് നിയമപ്രകാരമുള്ള കരാറായി മാറാതെ തന്നെ പിണറായി വിജയന് പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയാകാന്‍ വേണ്ടി വൈദ്യുതി വകുപ്പ് വിട്ടു.
തുടര്‍ന്ന് മന്ത്രിയായ എസ് ശര്‍മയോ യുഡിഎഫ് കാലത്ത് മന്ത്രിയായ കടവൂര്‍ ശിവദാസനോ ഈ സഹായധനം വാങ്ങുന്നത് നിയമപരമാക്കാന്‍ കൂട്ടാക്കിയില്ല. കരാറിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 2003 മാര്‍ച്ചില്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് എകെ ആന്റണി സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ലാവ്ലിന് കോളിളക്കം സൃഷ്ടിച്ച ലാവ്ലിന് നിയമവ്യവഹാരങ്ങളുടെ തുടക്കമിടുന്നത്. 2005ല്‍ ലാവ്വ്ലിന് കേസ് സംബന്ധിച്ച കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ കരട് റിപ്പോര്‍ട്ട് ചോര്‍ന്ന് പുറത്ത് വന്നത് മുതലാണ് പിണറായി വിജയന് സംശയത്തിന്റെ മറയിലായത്. ഇതോടെ പിണറായി വിജയനെ കേന്ദ്രീകരിച്ച് ആരോപണങ്ങള്‍ കൂടുതല്‍ ശക്തമായി ഉയര്‍ന്ന് തുടങ്ങുകയായിരുന്നു. തുടര്‍ന്ന് അങ്ങോട്ട് വിവിധ കോടതികളിലായി നിയമ വ്യവഹാരങ്ങളും നടന്നു.