ലെവല്‍ക്രോസിന് സമീപം പൂന്തോട്ടം ഒരുക്കി വനിതാഗേറ്റ് കീപ്പര്‍

klm-roseസന്തോഷ് പ്രിയന്‍
കൊല്ലം: ജോലിക്കിടിയില്‍ വീണുകിട്ടുന്ന സമയത്ത്  ലെവല്‍ക്രോസിന് സമീപത്ത് പൂന്തോട്ടം ഒരുക്കുകയാണ് ഈ വനിതാ ഗേറ്റ്കീപ്പര്‍. ചിന്നക്കട എസ്എംപി പാലസിന് സമീപത്തെ  റെയില്‍വേ ലെവല്‍ക്രോസിലെ ഗേറ്റ്കീപ്പര്‍ കടപ്പാക്കട ബിപിന്‍ മന്‍സിലില്‍ ബീന എന്നുവിളിക്കുന്ന ബീമയാണ് പാളത്തിനോട് ചേര്‍ന്ന് ഒരുക്കിയ ചെറുഉദ്യാനപാലക കൂടിയായത്. ഇതുവഴി ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ലഭിക്കുന്ന സിഗ്നല്‍ അനുസരിച്ച് ഗേറ്റ് അടയ്ക്കുകയും തുറക്കുകയും മാത്രമല്ല ബീമയുടെ ഇപ്പോഴത്തെ ഉത്തരവാദിത്തം.  ഇതിനിടെ കിട്ടുന്ന സമയം പാഴാക്കാതെ വിവിധ തരത്തിലുള്ള ചെടികള്‍ വച്ചുപിടിപ്പിച്ച് ഇവിടെ ചെറിയൊരു പൂന്തോട്ടമാക്കാനുള്ള ശ്രമം കൂടിയാണ്.

മുല്ല, ജമന്തി, ഓര്‍ക്കിഡ് തരത്തിലുള്ളവ, എട്ടുമണിപ്പൂവ്, സീനിയ, ഡാലിയ തുടങ്ങി പലതരത്തിലുള്ള ചെടികള്‍ ഇവിടെ വഴിയാത്രക്കാരേയും ട്രെയിന്‍യാത്രക്കാരേയും  ആകര്‍ഷിപ്പിച്ച് പൂത്തു നില്‍ക്കുകയാണ്.   ഒരു വര്‍ഷത്തിന് മുമ്പാണ് ബീമ ഇവിടേക്ക് സ്ഥലംമാറ്റം കിട്ടി വന്നത്. അപ്പോള്‍ ഇവിടമാകെ കാട് പിടിച്ച് കിടക്കുകയായിരുന്നുവെന്ന് ബീമ പറയുന്നു. പൂക്കളോട് വലിയ ഇഷ്ടമുള്ള ബീമ വീട്ടില്‍നിന്നും മറ്റും ശേഖരിച്ച  തൈകളും വിത്തും ഇവിടെ വൃത്തിയാക്കി നടുകയായിരുന്നു.   എല്ലാദിവസവും വെള്ളം ഒഴിച്ച് പരിപാലിച്ച് വളര്‍ത്തിയെടുത്ത ചെടികള്‍ ഇപ്പോള്‍ പൂക്കള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ആദ്യം ഓച്ചിറയില്‍ സിഗ്നല്‍ സെക്ഷനില്‍ ആണ് ബീമ ജോലി നോക്കിയത്. പിന്നീടാണ് കൊല്ലത്തേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ലെവല്‍ക്രോസിന് സമീപം വെറുതേകിടക്കുന്ന സ്ഥലം വൃത്തിയാക്കി ഇനിയും പൂന്തോട്ടമാക്കാനുള്ള ശ്രമത്തിലാണ് ബീമ. ഭര്‍ത്താവ് ഇസ്മയില്‍ ബാബു നേരത്തെ മരണപ്പെട്ടു. ആര്‍എംഎസില്‍ ജോലിയുള്ള ഇമാനുദീന്‍, ഇന്‍ഷാമുദ്ദീന്‍ എന്നിവരാണ മക്കള്‍.

Related posts