വെള്ളം നല്‍കുന്നതിനിടയില്‍ കയറിപ്പിടിച്ചു ! സുഹൃത്തിന്റ ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഐ നേതാവിനെതിരേ അന്വേഷണം; യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്…

എരുമപ്പെട്ടി: സുഹൃത്തിന്റെ ഭാര്യയും പാര്‍ട്ടി പ്രവര്‍ത്തകയുമായ യുവതിയെ കയറിപ്പിടിച്ച സിപിഐ നേതാവിനെതിരേ പോലീസിന്റെ അന്വേഷണം. എളവള്ളി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി.പി.ഐ. ബ്രാഞ്ച് സെക്രട്ടറിയും എ.ഐ.വൈ.എഫ്. മണലൂര്‍ നിയോജക മണ്ഡലം നേതാവുമായ യുവാവിനെതിരേയാണ് കേസെടുത്തത്. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു ഇയാളെന്ന് യുവതി പറയുന്നു. ജോലിക്കാര്യത്തിനായി ഭര്‍ത്താവ് വിദേശത്തേക്കു പോയതോടെ മോശം പെരുമാറ്റമുണ്ടായെന്നും സി.പി.ഐ. പ്രാദേശിക നേതാക്കളോടു പരാതിപ്പെട്ടപ്പോള്‍ സഹകരിക്കാന്‍ പറയുകയാണുണ്ടായതെന്നും ചൂണ്ടിക്കാട്ടിയാണു യുവതി പരാതി നല്‍കിയത്.

ആശാരിപ്പണിക്കാരനായ ഇയാള്‍ വീടിന്റെ പൊട്ടിയ ജനല്‍ച്ചില്ലു മാറ്റിവയ്ക്കാനാണ് എത്തിയത്. സംഭവസമയം അടുക്കളയിലായിരുന്ന തന്നോടു വെള്ളം ആവശ്യപ്പെടുകയും വെള്ളം നല്‍കുന്നതിനിടെ കയറിപ്പിടിക്കുകയുമായിരുന്നെന്നും യുവതി പറയുന്നു. സി.പി.ഐ എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും എളവള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ടി.സി മോഹനനെയും പഞ്ചായത്ത് അംഗം നളിനി ജയനേയും വിവരമറിയിച്ചിരുന്നു. ഹോമിയോ ഡിസ്‌പെന്‍സറിയിലെ താല്‍ക്കാലിക ജീവനക്കാരിയായ തനിക്കു ജോലി ലഭിച്ചത് പാര്‍ട്ടി സഹായത്താലാണെന്നും സഹകരിക്കുന്നതാണു നല്ലതെന്നുമായിരുന്നു ഇവരില്‍ നിന്നുള്ള മറുപടി.

തുടര്‍ന്നു സിപിഐ. വനിതാ വിഭാഗം നേതാവും തൃശൂര്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ജെന്നിയെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. പാര്‍ട്ടിയെ അനുസരിക്കുക അല്ലെങ്കില്‍ സ്വന്തം നിലയ്ക്കു കേസ് നടത്തുക ഇതായിരുന്നു ഇവരുടെയും മറുപടിയെന്നും പറയുന്നു. വിശ്വസിച്ച പാര്‍ട്ടി കൈവിട്ടതില്‍ മനംനൊന്ത് താനും മക്കളും ആത്മഹത്യക്കൊരുങ്ങിയതാണ്. ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയ പാവറട്ടി പോലീസ് മേയ് രണ്ടിനു വിശദമായ മൊഴിയെടുത്തെങ്കിലും നടപടിയുണ്ടായില്ല.

തുടര്‍ന്നും ഫോണ്‍ വിളിച്ചും സന്ദേശങ്ങളയച്ചും ശല്യം ചെയ്ത യുവാവിനെതിരേ കഴിഞ്ഞമാസം 21നു വീണ്ടും പരാതി നല്‍കി. മേയ് 31നു ഗുരുവായൂര്‍ അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയതോടെയാണ് 21നു നല്‍കിയ പരാതിയില്‍ പാവറട്ടി പോലീസ് കേസെടുത്ത വിവരം അറിയുന്നത്. എന്നാല്‍, ഇരുപത് ദിവസത്തോളം തന്റെ പരാതി മൂടിവയ്ക്കുകയായിരുന്നെന്നും യുവതി ആരോപിക്കുന്നു. സിപിഐ നേതാവിനെതിരേ പാര്‍ട്ടി നടപടിയെടുത്തതായി അറിവില്ല.

Related posts