ന്യൂയോര്‍ക്ക്: കഴിഞ്ഞ ലോകകപ്പ് സെമിയിലെ പരാജയം ബ്രസീലില്‍ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നെന്ന് ലോകം കണ്ട എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരം പെലെ. ”ആ സംഭവത്തെ കുറിച്ച് സംസാരിക്കുന്നതു പോലും സങ്കടകരമാണ്. ആ മത്സരം കണ്ടു കൊണ്ടിരിക്കെ ഞാന്‍ കരഞ്ഞു. പരാജയപ്പെട്ട സ്കോര്‍ കണ്ടിട്ടല്ല. മറിച്ച് ബ്രസീലിയന്‍ ഫുട്ബോളിനു സംഭവിച്ച തകര്‍ച്ച കണ്ടിട്ടാണ്.അതൊരു ദുരന്തമായിരുന്നു’’ – കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ബ്രസീല്‍ ജര്‍മനിയോടു തോറ്റതിനെക്കുറിച്ച് ഫുട്ബോള്‍ ഇതിഹാസം പെലെയുടെ വാക്കുകളാണിത്. ന്യൂയോര്‍ക്കില്‍ ഒരു സ്വകാര്യ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
“”മാറക്കാനയിലെ പരാജയം ഞങ്ങള്‍ക്കു താങ്ങാനാവും. കാരണം അതു ഞങ്ങള്‍ പരാജയപ്പെട്ടതാണ്. പക്ഷേ, ജര്‍മനിയോട് ഞങ്ങള്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു പോവുകയായിരുന്നു. പരാജയപ്പെട്ടാല്‍ തിരിച്ചുവരാനാവും. പക്ഷേ, ഫുട്ബോള്‍ നഷ്ടപ്പെട്ടാല്‍ പിന്നെ കളി യാന്ത്രികമായിരിക്കും. കാരണം ഞങ്ങള്‍ വികാരങ്ങള്‍ കൊണ്ട് ഫുട്ബോള്‍ കളിക്കുന്നവരാണ്. എനിക്കറിയില്ല ബ്രസീലിയന്‍ ഫുട്ബോളിന് എന്താണ് സംഭവിച്ചതെന്ന്.’
നെയ്മര്‍ സമ്മര്‍ദത്തിന് അടിമപ്പെടരുത്
”ബ്രസീലിയന്‍ ഫുട്ബോള്‍ ലോകത്തിനു സംഭാവന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് നെയ്മറാണ്. അദ്ദേഹമാണ് ഇനി ബ്രസീലിയന്‍ ഫുട്ബോളിന്റെ പതാകവാഹകന്‍. അദ്ദേഹത്തിനു പലപ്പോഴും സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവുന്നില്ല. അത് പരിഹരിക്കാന്‍ അദ്ദേഹത്തിനാവണം. ഒരു ടോട്ടല്‍ ഫുട്ബോളര് ഒരിക്കലും പ്രകോപിതനാവാന്‍ പാടില്ല. അത് അദ്ദേഹം ഇനിയും മനസിലാക്കേണ്ടിയിരിക്കുന്നു.
ഒളിമ്പിക്സ് വലിയ വെല്ലുവിളി
ബ്രസീല്‍ പോലെ ഒരു വികസര രാജ്യത്തിന് ഒളിമ്പിക്സ് പോലെ വലിയൊരു കായിക മാമാങ്കം നടത്തുകയെന്നത് വലിയ വെല്ലുവിളിയാണ്. ഞങ്ങള്‍ ലോകകപ്പ് ഫുട്ബോള്‍ നടത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒളിമ്പിക്സും നടത്താനാവും. അതിനുള്ള അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കഴിഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ പോലെ ഒളിമ്പിക്സും വിജയകരമായി നടത്തും. നെയ്മര്‍ കോപ്പയില്‍ കളിക്കാത്തത് ബ്രസീലിന്റെ സാധ്യതകളെ ബാധിക്കും എന്നത് സത്യമാണ്. പക്ഷേ, ഞങ്ങളെ സംബന്ധിച്ചടത്തോളം ഒളിമ്പിക്സും വലിയ പ്രാധാന്യമുള്ളതാണ്. അതു കൊണ്ടുതന്നെ അദ്ദേഹം ഒളിമ്പിക്സില്‍ കളിക്കുന്നത് ആഹ്ലാദകരമാണ്. പിന്നെ, ക്ലബ് ഫുട്ബോളില്‍ കളിക്കുന്ന താരങ്ങള്‍ ക്ലബുകളുടെ താത്പര്യങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥനാണ്. അവിടെനിന്നാണ് മിക്കപ്പോഴും ലോകോത്തര താരങ്ങള്‍ ജനിക്കുന്നത്. കൂടാതെ, ദുംഗ 23 വയസില്‍ താഴെ പ്രായമുള്ള ഏഴു താരങ്ങളെ തെരഞ്ഞെടുത്തിട്ടുമുണ്ട്. നെയ്മറിനെ പോലുള്ള താരങ്ങള്‍ പുറത്തു നില്ക്കുമ്പോള് മാത്രമേ ഇത്തരം കാര്യങ്ങള്‍ നടക്കുകയുള്ളൂ’’ -പെലെ വ്യക്തമാക്കി.
യൊഹാന്‍ ക്രൈഫ് ഫുട്ബോളിന്റെ സൗന്ദര്യം
ക്രൈഫിന്റെ നഷ്ടം വലുതാണ്. നഷ്ടപ്പെട്ടത് ഫുട്ബോളിന്റെ സൗന്ദര്യമാണ്. അദ്ദേഹം എനിക്കു ശേഷം വന്നതാണ്. പക്ഷേ, അദ്ദേഹത്തെ ഞാന്‍ എന്റെ ഒപ്പം പ്രതിഷ്ഠിക്കുന്നു. അത്രമാത്രം അദ്ദേഹം ഫുട്ബോളിനെ സ്നേഹിച്ചു. ഞങ്ങളെ കൂടാതെ ഫ്രാന്‍സ് ബെക്കന്ബോവറിനെയും, ആല്‍ഫ്രഡോ ഡി സ്റ്റെഫാനോയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേയും ഞാന്‍ പരിഗണിക്കുന്നു. ഇവരാണ് യൂറോപ്പില്‍ നിന്നുള്ള എന്റെ പട്ടിക. ലോകത്തെ മുഴുവനായി പരിഗണിച്ചാല്‍ മാറഡോണയെയും മെസിയേയും ഞാന്‍ കൂട്ടും.