വടക്കഞ്ചേരി: വടക്കഞ്ചേരിയെ ക്ലീന്‍ സിറ്റിയാക്കുന്നതിനു നടപടികള്‍ക്കു തുടക്കം. ടൗണിലെ പല ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത് നീക്കം ചെയ്യുന്നതിനൊപ്പം അനധികൃത വാഹന പാര്‍ക്കിംഗും അനധികൃത കച്ചവടവും ഒഴിവാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ പറഞ്ഞു. ഇതു നടപ്പിലാക്കാന്‍ അടുത്തദിവസം പോലീസിനു കത്തുനല്‍കും. സാധനങ്ങള്‍ ഫുട്പാത്തുകളില്‍ ഇറക്കിവച്ചുള്ള കച്ചവടം ഒഴിവാക്കാന്‍ കടക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം കിഴക്കഞ്ചേരി റോഡിലെ മാലിന്യമെല്ലാം ജെസിബിയുടെ സഹായത്തോടെ നീക്കംചെയ്തു. ഇത്തരം പ്രവൃത്തികള്‍ അടുത്ത ദിവസവും തുടരും. ഓട്ടോറിക്ഷ ഉള്‍പ്പെടെ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് മൂലം ടൗണില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കു ഭീതികൂടാതെ വഴിനടക്കാനാകാത്ത സ്ഥിതിയാണ്. ടൗണില്‍ അനധികൃത ഓട്ടോപാര്‍ക്കിംഗ് കേന്ദ്രങ്ങളും പെരുകിയിട്ടുണ്ട്.
തിരക്കേറിയ ടൗണ്‍ റോഡില്‍ സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് കേന്ദ്രം പോലെയാണ് റോഡില്‍ രാവിലെ വാഹനം നിര്‍ത്തിയിട്ട് വൈകുന്നേരം എടുക്കുന്നത്. ഉള്‍പ്രദേശങ്ങളിലേക്കു പോകുന്ന ബസുകള്‍ പോലീസ് സ്റ്റേഷനു മുന്നില്‍ അരമണിക്കൂര്‍ നിര്‍ത്തിയിടുന്നതും ഗതാഗതതടസം സൃഷ്ടിക്കുന്നുണ്ട്.