വനംവകുപ്പിന്റെ കുടിയിറക്കു നീക്കത്തിനെതിരേ; മലയോര കര്‍ഷകര്‍ സംഘടിക്കുന്നു; ഹൈക്കോടതിയെ സമീപിക്കും

klm-courtവടക്കഞ്ചേരി: പാലക്കുഴി ഉള്‍പ്പെടെയുള്ള മലയോര കുടിയേറ്റ മേഖലകളില്‍നിന്നും കുടിയിറക്കാനുള്ള വനംവകുപ്പിന്റെ നടപടിക്കെതിരേ കര്‍ഷകര്‍ സംഘടിച്ച് ഹൈക്കോടതിയെ സമീപിക്കും. കര്‍ഷക ജാഗ്രതാ സംരക്ഷണസമിതി, ഭൂസംരക്ഷണസമിതി എന്നിവയുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിക്കുകയെന്ന് ഭാരവാഹിയായ ചാര്‍ളി മാത്യു പറഞ്ഞു. നാല്പതും അമ്പതും വര്‍ഷമായി കര്‍ഷകര്‍ മാറിമാറി കൈവശം വച്ചുവരുന്ന ഭൂമി വനഭൂമിയാണെന്നു പറഞ്ഞ് വനംവകുപ്പ് പിടിച്ചെടുക്കുന്നതിനെതിരേയാണ് നിയമപോരാട്ടം നടത്തുക.

വനഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ കേസെടുത്ത് നിയമനടപടി സ്വീകരിക്കാതെ ഫോഴ്‌സ് ഉപയോഗിച്ച് കൃഷിഭൂമി പിടിച്ചെടുക്കാനുള്ള ശ്രമം ചെറുക്കണമെന്നും കര്‍ഷകര്‍ മുന്നറിയിപ്പുനല്കുന്നു. വനംവകുപ്പ് കര്‍ഷകര്‍ക്കെതിരേ എടുക്കുന്ന കേസുകളൊന്നും കോടതിയില്‍ നിലനില്ക്കാത്ത സ്ഥിതിയാണ്. കര്‍ഷകരുടെ കൈവശഭൂമി വനഭൂമിയാണെന്നു തെളിയിക്കാന്‍ വനംവകുപ്പിന്റെ പക്കല്‍ മതിയായ രേഖകളില്ലാത്തതാണ് കേസുകളെല്ലാം തള്ളിപോകാന്‍ കാരണമാകുന്നതെന്ന് കര്‍ഷക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാജരേഖകള്‍ ഉണ്ടാക്കി വനഭൂമി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത്തരം കുറ്റകൃത്യങ്ങളുടെ പ്രതിസ്ഥാനത്ത് വിവിധ വകുപ്പ് അധികാരികള്‍ തന്നെയാകും. അഴിമതിയും വഴിവിട്ട നടപടികളും നടത്തി അതെല്ലാം പുറത്തുവരുമെന്നായപ്പോള്‍ കര്‍ഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ച് രക്ഷപ്പെടാനുള്ള തന്ത്രങ്ങളാണ്  ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്നും ആരോപിക്കുന്നു.അരനൂറ്റാണ്ടുകാലം കര്‍ഷകരുടെ കൈവശത്തിലായിരുന്ന ഭൂമി ഏതാനും വര്‍ഷത്തിനിടെ എങ്ങനെ വനഭൂമിയായെന്ന് അധികാരികള്‍ വിശദീകരിക്കേണ്ടിവരും. വനഭൂമിയായിരുന്നെങ്കില്‍ ഇത്രയുംകാലം എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്നതും പരിശോധനാ വിധേയമാക്കണം.

പണംകൊടുത്ത് വാങ്ങിയ ഭൂമിയാണ് മിക്ക കര്‍ഷകരുടെയും കൈവശമുള്ളത്. ഈ ഭൂമിക്കെല്ലാം കൈവശരേഖയും നികുതി അടച്ച രശീതികളുമുണ്ട്. വനഭൂമിയാണെങ്കില്‍ ഭൂമിക്ക് എങ്ങനെ സ്വകാര്യവ്യക്തികളുടെ പേരില്‍ കൈവശരേഖ ഉള്‍പ്പെടെയുള്ള രേഖകളുണ്ടായി എന്നതും അന്വേഷണ വിധേയമാക്കണം.തര്‍ക്കഭൂമികളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ നടത്തി പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണണമെന്ന കര്‍ഷകരുടെ നിരന്തര ആവശ്യത്തില്‍ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.

കൈവശഭൂമിയിലെ ഫലവൃക്ഷങ്ങളുടെ പ്രായം കണക്കാക്കിയാല്‍ തന്നെ ഭൂമി ഏതുവിഭാഗത്തില്‍പെടുന്നതാണെന്നു വ്യക്തമാകും.കഴിഞ്ഞദിവസം പാലക്കുഴി അത്തിക്കരക്കുണ്ടില്‍ വനംവകുപ്പ് ജെണ്ടകെട്ടിയത് റബര്‍തോട്ടത്തിലായിരുന്നു. തെങ്ങും കശുമാവും കുരുമുളകും നിറഞ്ഞുനില്ക്കുന്ന തോട്ടങ്ങളാണ് വനംവകുപ്പ് വനഭൂമിയുടെ ലിസ്റ്റില്‍പെടുത്തി കര്‍ഷകരെ ദ്രോഹിക്കുന്നത്.

Related posts