ദ്വീപുകളില്‍ ഒറ്റയ്ക്കു ജീവിക്കുന്നവരുടെ കഥകള്‍ ചില സിനിമകളില്‍ ഇതിവൃത്തമാകാറുണ്ട്. ചൈനയിലെ ഒരു ഗ്രാമത്തില്‍ ഇത്തരത്തില്‍ ഒറ്റയ്ക്കു കഴിയുന്ന വ്യക്തിയുണ്ട്. പേര് ലിയു. 10 വര്‍ഷമായി ഈ ഗ്രാമത്തില്‍ വസിക്കുന്ന ലിയുവിന് ചെമ്മരിയാടുകള്‍ മാത്രമാണ് കൂട്ട്. ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്യാന്‍സുവിലാണ് ഈ ഒറ്റയാന്‍ ഗ്രാമം.
നേരത്തെ 20 കുടുംബങ്ങള്‍ ഈ ഗ്രാമത്തിലുണ്ടായിരുന്നു. പ്രകൃതിവിഭവങ്ങളുടെ ലഭ്യത കുറഞ്ഞതോടെ അവര്‍ മറ്റു ഗ്രാമങ്ങളിലേക്ക് ചേക്കേറിയതോ മരണമടഞ്ഞതോ ആകാമെന്നാണു കരുതപ്പെടുന്നത്. 2006 മുതല്‍ ലിയു ഇവിടെ ഒറ്റയ്ക്കാണ്. പ്രായമായ അമ്മയെയും ഇളയ സഹോദരനുമായിരുന്നു ലിയുവിനുണ്ടായിരുന്നത്. ബന്ധുക്കളുടെ മരണശേഷമാണ് ലിയു ഇവിടെ ഒറ്റപ്പെട്ടത്. പിന്നീട് ആടുവളര്‍ത്തലിലേക്കു തിരിഞ്ഞു. പതുക്കെ ഒറ്റപ്പെട്ട ജീവിതത്തെ ലിയു ഇഷ്ടപ്പെട്ടുതുടങ്ങി.
തനിക്കും ആടുകള്‍ക്കുംവേണ്ടിയുള്ള കുടിവെള്ളം വളരെ ദൂരത്തുനിന്നാണ് ലിയു എത്തിക്കുന്നത്. ഭക്ഷണം വാങ്ങാനായി മൈലുകളാണു താണ്ടുന്നത്. ചെമ്മരിയാടുകളെ വളര്‍ത്തുന്നതു കൂടാതെ ലിയുവിന് ഫോറസ്റ്റ് വാച്ചറായി ഒരു താത്കാലിക ജോലി ലഭിച്ചിട്ടുണ്ട്. അതിജീവനം തനിക്കൊരു പ്രശ്‌നമല്ല. പക്ഷേ, ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലേക്കു മാറും. അതിന് അനുയോജ്യമായ സമയം വരട്ടെ- ലിയു പറയുന്നു.