നെടുമങ്ങാട്: വഴയില മുതല്‍ നെടുമങ്ങാട് വരെയുള്ള റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടി ഉടന്‍ ആരംഭിക്കാന്‍ സി. ദിവാകരന്‍ എംഎല്‍എ വിളിച്ച ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ധാരണ. പിഡബ്ല്യുഡി റോഡ്‌സ്, ബില്‍ഡിംഗ്‌സ്, ബ്രിഡ്ജസ്, വാട്ടര്‍ അതോറിറ്റി, മൈനര്‍ ഇറിഗേഷന്‍, റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. നഗരസഭാധ്യക്ഷന്‍ ചെറ്റച്ചല്‍ സഹദേവന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.
നെടുമങ്ങാട് നഗരത്തിന്റെ സമഗ്രവികസനത്തിനായുള്ള സ്ഥലമേറ്റെടുപ്പ്, പ്ലാന്‍ തയാറാക്കല്‍ തുടങ്ങിയ പ്രാഥമിക നടപടികള്‍ക്ക് യോഗത്തില്‍ ധാരണയായി. ആദ്യപടിയായി റവന്യൂ ഭൂമിയുടെ വ്യാപകമായ കൈയേറ്റം ഒഴിപ്പിക്കാന്‍ എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നിലവില്‍ നടന്നുകൊണ്ടിരിക്കുന്നതും പെന്‍സിംഗിലുള്ളതുമായ വര്‍ക്കുകള്‍ അടിയന്തര പ്രാധാന്യത്തോടെ തീര്‍ക്കുവാന്‍ എംഎല്‍എ നിര്‍ദേശിച്ചു. യോഗത്തില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എം.സി.കെ. നായര്‍ പങ്കെടുത്തു.