വഴിവാണിഭക്കാര്‍ കാട്ടാക്കടയില്‍ തോന്നിയപടി വിലസുന്നു; കളക്ടറുടെ നിര്‍ദേശത്തിന് പുല്ലുവില

alp-footpathകാട്ടാക്കട: കാട്ടാക്കടയില്‍ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനും വഴിവാണിഭം നിയന്ത്രിക്കുന്നതിനായി  കൊണ്ടുവന്ന പദ്ധതിപാടെ താളം തെറ്റി. ഇതിനായി ജില്ലാ കളക്ടര്‍ നിര്‍ദേശിച്ച നടപടികള്‍ പോലും വെറും വാക്കായി മാറി.  കാട്ടാക്കടയില്‍ കളക്ടര്‍ നേരിട്ടെത്തി എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ നല്‍കിയ ഉത്തരവാണ് പാഴായത്. കഴിഞ്ഞ എട്ടിനാണ് ജില്ലാ കളക്ടര്‍ കാട്ടാക്കടയില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുചേര്‍ത്ത്  കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

20 വരെയാണ് വ്യാപാരികള്‍ക്ക് ഒഴിഞ്ഞു പോകാന്‍ അവസരം നല്‍കിയത്. ഇതു പാലിക്കാത്തവരെ 21 ന് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പോലീസും റവന്യു ഉദ്യോഗസ്ഥരുമെത്തി ഒഴിപ്പിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. ഇതനുസരിച്ച് ആര്‍.ഡി.ഒ റോഡരികിലെ കയ്യേറ്റങ്ങള്‍ അളന്ന് നിജപ്പെടുത്തി കച്ചവടക്കാര്‍ക്ക് നോട്ടീസ് നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കളക്ടര്‍ നിര്‍ദേശിച്ച സമയപരിധി അവസാനിച്ചിട്ടും ഒഴിപ്പിക്കല്‍ നടപടികള്‍ എങ്ങുമെത്തിയില്ല. പുതിയ കളക്ടറുടെ മുന്നില്‍ ഈ ഫയല്‍ എത്തിയതുമില്ല.

കാട്ടാക്കടയില്‍ റോഡും നടപ്പാതയും കയ്യേറി വഴിവാണിഭം നടത്തുന്നവര്‍ അടുത്തിടെ ഭരണക്കാരോട് ചേര്‍ന്നു. ഇതോടെ ചില കച്ചവടക്കാരെ സംരക്ഷിക്കാന്‍ ഇടതു നേതൃത്വം രംഗത്തെത്തി. സമ്മര്‍ദ്ദം കൂടിയതോടെ മന്ത്രി ഓഫീസില്‍ നിന്നും കളക്ടറോട് തല്‍ക്കാലം ഒഴിപ്പിക്കല്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടതായും അറിയുന്നു.  വഴിയോര കച്ചവടം കാരണം കാട്ടാക്കട പട്ടണത്തില്‍ കാല്‍നട യാത്രപോലും ദുരിതമാണ് ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായ ഇവിടെ പട്ടണത്തില്‍ കളക്ടറുടെ ഉത്തരവ് നടപ്പിലാകുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ് യാത്രക്കാരും കരുതിയത്.

സ്വതവേ വീതി കുറഞ്ഞ റോഡുകളാണ് കാട്ടാക്കടയില്‍ ഉള്ളത്. ആ റോഡിലാണ് അനധിക്യത നിര്‍മ്മാണവും സാധനങ്ങള്‍ റോഡില്‍ ഇറക്കി വയ്ക്കുന്നതും. ഇതിനിടയില്‍ കൂടി വേണം വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍. ഈ റോഡിലാണ്  കാട്ടാക്കടയിലെ വഴിവാണിഭം വന്‍ തോതിലാണ് പെരുകിയിരിക്കുന്നത്. പട്ടണം ആകെ വഴി വാണിഭക്കാരുടെ പിടിയിലാണ്. ചന്ത ദിവസങ്ങളിലാകട്ടെ അത് കൂടും. ഇത് ഗതാഗത കുരുക്കിനും  കാരണമാകുന്നു.

Related posts