വണ്ണപ്പുറം: അന്തിയുറങ്ങാന്‍ ഒരു കൂരക്കായി വിധവയുടെ കാത്തിരിപ്പ്. വെണ്‍മണി സ്വദേശിയായ ചമ്പകരയില്‍ ഏലിക്കുട്ടി വര്‍ഗീസാണ് മണ്‍കട്ട കൊണ്ടു നിര്‍മ്മിച്ച ഷെഡിനുള്ളില്‍ ജീവിതം തള്ളി നീക്കുന്നത്. കാറ്റത്തും, മഴയത്തും ഓരോ നിമിഷവും ഇടിഞ്ഞു കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ വര്‍ഷങ്ങളായി പ്രാണനും കൈയില്‍ പിടിച്ചാണ് ഇവര്‍ കഴിഞ്ഞു കൂടുന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിലെ അംബേദ്ക്കര്‍ കോളനിയിലാണ് ഏലിക്കുട്ടിയുടെ ദുരിത ജീവിതം. വിവിധ ഭവന നിര്‍മ്മാണ പദ്ധതികളില്‍ അപേക്ഷ നല്‍കിയും കയറി ഇറങ്ങിയും നടന്നിട്ടും ഈ വിധവയുടെ കഷ്ടപ്പാടിനു മുന്‍പില്‍ അധികൃതര്‍ കണ്ണ് തുറന്നിട്ടില്ല.
വീടിന്റെ ദുരവസ്ഥ കണ്ട് മുന്‍പ് പല പാര്‍ട്ടി നേതാക്കന്മാരും സഹായ വാഗ്ദാനങ്ങളുമായി എത്തിയിരുന്നു. ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്താം എന്നു പറഞ്ഞു പോയതല്ലാതെ പിന്നീട് നേതാക്കന്മാരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിലവില്‍ ഭരണം മാറിയതിനാല്‍ ഒന്നും സാധ്യമല്ല എന്നാണ് അവരുടെ മറുപടി. തൊഴിലുറപ്പ് ജോലികള്‍ക്ക് പോയാണ് ഏലിയമ്മ കഴിഞ്ഞുകൂടുന്നത്. അധികൃതരുടെ കനിവില്‍ കയറിക്കിടക്കാന്‍ ഒരു വീടുകിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് ഈ വൃദ്ധ.