ആലപ്പുഴ: ഭക്ഷ്യധാന്യങ്ങള്‍ക്കും പഴംപച്ചക്കറികള്ക്കും വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വിപണിയില്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന തുടങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പച്ചക്കറി പലചരക്ക് കടകളില്‍ ഇന്നലെ സിവില്‍ സപ്ലൈസ് അധികൃതര്‍ പരിശോധന നടത്തി. വില വിവരം പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ താക്കീത് നല്കി. ആലപ്പുഴ നഗരത്തിലെ ഏഴ് കടകളും ചേര്‍ത്തലയിലെ എട്ടുകടകളും സിവില്‍ സപ്ലൈസ് അധികൃതര്‍ ഇന്നലെ പരിശോധിച്ചു. വില കൂട്ടി സാധനങ്ങള്‍ വിറ്റ കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. വിലക്കയറ്റത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കുലര്‍ നല്‍കിയിരുന്നു. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യധാന്യ വില വര്‍ധനവ് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്ക് സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.