കണ്ണൂര്‍: മണല്‍ കടത്തിയ വാഹനം കസ്റ്റഡിയിലെടുത്തിയതിന് കയരളം വില്ലേജ് ഓഫീസറെ സിപിഎം പ്രവര്‍ത്തകര്‍ ബന്ദിയാക്കിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചെറുപഴശിയിലെ പി. പ്രശാന്ത് (33), വേളത്തെ കെ.കെ. പ്രവീണ്‍ (38) എന്നിവരെയാണ് വളപട്ടണം സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. അഞ്ചുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ലോറികളില്‍ മണല്‍ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ അരുണ്‍ അര്‍ഷ പാസ് കാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലോറി ഡ്രൈവര്‍മാരുടെ പക്കല്‍ പാസ് ഉണ്ടായിരുന്നില്ലത്രെ. ഇതേത്തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ലോറികളുടെ താക്കോല്‍ ഓഫീസിലേക്കു കൊണ്ടുപോയി. പിന്നാലെ ഡ്രൈവര്‍മാര്‍ പാസ് ഹാജരാക്കിയെങ്കിലും അതില്‍ സമയം രേഖപ്പെടുത്തിയിരുന്നില്ല എന്നും പറയുന്നു. തുടര്‍ന്ന് അരുണ്‍ തഹസില്‍ദാരെ വിവരമറിയിച്ചു.
ഇതിനു പിന്നാലെയാണ് സിപിഎം നേതാക്കളും പ്രവര്‍ത്തകരും വില്ലേജ് ഓഫീസിലെത്തുകയും അരുണിനെ മൂന്ന് മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ലോറികളുടെ താക്കോല്‍ ബലമായി എടുത്തുകൊണ്ടുപോവുകയും ചെയ്തതായി പറയുന്നു. ഇതില്‍ പോലീസ് നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുശേഷം സംഭവത്തെ കുറിച്ച് അരുണ്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് കളക്ടര്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചശേഷം അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്കി. ഇതേത്തുടര്‍ന്നാണ് രണ്ടുപേരെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
അരുണ്‍ അര്‍ഷയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ: ഒരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തിലല്ല, കൊച്ചുകേരളത്തിലെ എന്റെ സ്വന്തം ഓഫീസിലാണ് ഞാന്‍ മൂന്നു മണിക്കൂര്‍ ബന്ദിയാക്കപ്പെട്ടത്. അനധികൃതമായി മണല്‍കടത്തിയ വാഹനം പിടികൂടിയതാണ് കുറ്റം. ബലാത്കാരമായി ഓഫീസില്‍നിന്നു രണ്ടുവാഹനങ്ങളുടെ താക്കോല്‍ പിടിച്ചെടുത്ത് രണ്ടുവണ്ടികളും മോചിപ്പിച്ചു. നാല്പതോളം പേര് ചേര്‍ന്ന് മൂന്നര മണിക്കൂര്‍ തടഞ്ഞുവച്ചു. അസഭ്യം പറയുകയും വധഭീഷണി മുഴയ്ക്കുകയും ചെയ്തു. ആത്മനിന്ദതോന്നിയ ദിവസങ്ങളാണ് കടന്നുപോയത്.
തനിക്ക് ഇതിന്റെ ആവശ്യമുണ്ടോയെന്നാണ് ഒരു മേലുദ്യോഗസ്ഥന് ചോദിച്ചത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി അക്രമികള്ക്കെ തിരായി നല്കിയ പരാതി പിന്‍വലിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു. ഇനിയും ഇവിടെ ജോലി ചെയ്യുന്നതില്‍ എന്തര്‍ഥം? ഈ പരാജയം എന്റെ അവസാനം കൂടിയാണ്. അനധികൃത മണല്‍ കടത്ത് തടഞ്ഞ നട്ടെല്ലുള്ള ഒരുവന്റെ കാലുവെട്ടിയ മണല്‍ മാഫിയയുമായാണ് ഞാന്‍ ഏറ്റുമുട്ടിയതും തോറ്റതും. ഇത്രയും കുത്തികുറിച്ചത് ഗതികേടു കൊണ്ടാണെന്നും അരുണ്‍ ഫേസ് ബുക്കില്‍ പറയുന്നു.
തിരുവനന്തപുരത്ത് ചെന്ന് റവന്യു മന്ത്രിയെ നേരിട്ട് കണ്ട് വിഷയം ബോധിപ്പിക്കുമെന്നു ചൂണ്ടിക്കാട്ടിയ അരുണ്‍ തന്നെ സഹായിക്കാന്‍ ആരെങ്കിലുമുണ്ടാകുമെന്ന പ്രതീക്ഷയും പങ്കുവച്ചാണ് പോസ്റ്റ് അവസാനിപ്പിച്ചത്്. ഇതേത്തുടര്‍ന്ന് ഫേയ്സ് ബുക്കില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളുണ്ടായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ മയ്യിലിനെ അപമാനിക്കുന്നതെന്തിന് എന്ന പേരില്‍ മറുപടി കത്തും ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ജോലി തന്നെ ഉപേക്ഷിക്കാന്‍ തയാറാണെന്ന് ഇതിനു മറുപടി കുറിപ്പായി അരുണ്‍ പറയുന്നു. ഫേസ് ബുക്കില്‍ സ്വയം വിശദീകരിക്കുന്ന ഭാഗത്ത് “നാട്ടുകാരുടെ ചീത്തവിളി കേള്‍ക്കാന്‍ വിധിക്കപ്പെട്ട ഓഫീസര്‍” എന്നാണ് അരുണ്‍ പരാമര്‍ശിച്ചിരിക്കുന്നത്. വില്ലേജ് ഓഫീസില്‍ നടന്ന സംഭവത്തെ തുടര്‍ന്ന് സ്ഥലം മാറ്റത്തിന് അപേക്ഷ നല്‍കിയിരിക്കുകയാണ് കയരളം വില്ലേജ് ഓഫീസറായ അരുണ്‍ അര്‍ഷ.