വിശ്വസിക്കാനാവുന്നില്ല..! കണ്‍മുന്നില്‍ കൂട്ടുകാരനെ മരണം കവര്‍ന്നതിന്റെ നടുക്കം മാറാതെ അലനും അച്ചുവും; കളിക്കുവാനായി ഗ്രൗണ്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം

aCHUനെടുങ്കണ്ടം: കണ്‍മുന്‍പില്‍നിന്ന് കൂട്ടുകാരനെ മരണം കവര്‍ന്നതിന്റെ നടുക്കം മാറാതെ സഹപാഠികള്‍. ഇന്നലെ സ്‌പെഷല്‍ ക്ലാസ് ഉണ്ടായിരുന്നതിനാല്‍ ജിറ്റോ രാവിലെ 8.45 ഓടെ ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്‌സ് സ്കൂളില്‍ എത്തിയിരുന്നു. ക്ലാസ് തുടങ്ങാന്‍ സമയമുള്ളതിനാല്‍ സുഹൃത്തുക്കളായ അലന്‍ കെ. സ്കറിയ, അച്ചു സന്തോഷ് എന്നിവര്‍ക്കൊപ്പം കളിക്കുവാനായി ഗ്രൗണ്ടിലേക്ക് പോവുകയായിരുന്നു. മൂവരും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ജിറ്റോ കുഴഞ്ഞുവീഴുകയായിരുന്നു. ഒരുനിമിഷത്തെ നടുക്കത്തിനുശേഷം അലനും അച്ചുവും സഹപാഠിയെ താങ്ങിയെടുത്തു. തുടര്‍ന്ന് അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. സ്കൂള്‍ അധികൃതരുടെ നേതൃത്വത്തില്‍ ഉടന്‍തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടിയെ മരണം കവര്‍ന്നു. ജിറ്റോയ്‌ക്കൊപ്പം അലനും അച്ചുവും ആശുപത്രിയില്‍ എത്തിയിരുന്നു. ജിറ്റോയെ മരണം തട്ടിയെടുത്തു എന്നത് ഇവര്‍ക്ക് വിശ്വസിക്കാനായില്ല.

സ്കൂളിലെ മികച്ച വിദ്യാര്‍ഥിയായിരുന്നു ജിറ്റോ. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ജിറ്റോ എപ്ലസ് നേടുമെന്ന് അധ്യാപകര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മികവുപുലര്‍ത്തിയിരുന്ന ജിറ്റോ സ്റ്റുഡന്‍സ് പോലിസ് കേഡറ്റിലെ സജീവ അംഗമായിരുന്നു. സ്കൂളിലെ വടംവലി ടീമിലെ അംഗമായ ജിറ്റോ വിവിധ മത്സരങ്ങളിലും സ്കൂളിനായി മാറ്റുരച്ചിരുന്നു. മികച്ച ശാരീരിക ക്ഷമതയായിരുന്നു ജിറ്റോക്കുണ്ടായിരുന്നത്.

ഹൃദയം അമിതമായി വികസിച്ച് പേശികളും ഞരമ്പുകളും വലിഞ്ഞുമുറുകുന്ന കാര്‍ഡിയോ മെയോപതി എന്ന അവസ്ഥയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികള്‍ക്ക് ഈ അസുഖം ബാധിച്ചാല്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്.

Related posts