വണ്ടിത്താവളം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ തെരുവുനായ കടിച്ചു പരിക്കേല്പിച്ചു. നെടുമ്പള്ളം തങ്ക (70)യ്ക്കാണ് നായയുടെ കടിയറ്റത്. തുടര്‍ന്ന് ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുത്തിവയ്പു നടത്തി. നെടുമ്പള്ളം- വണ്ടിത്താവളം റോഡില്‍ തെരുവുനായ്ക്കള്‍ കൂട്ടമായി തലങ്ങും വിലങ്ങും പായുന്നതിനാല്‍ വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് രക്ഷിതാക്കളെയും കൂട്ടിയാണ് പോകുന്നത്.ഇക്കഴിഞ്ഞദിവസം നന്ദിയോട് മേലേ കവറത്തോടില്‍ തെരുവുനായ കുറുകേ ഓടിയതുമൂലം നിയന്ത്രണംവിട്ട ടെമ്പോ റോഡുവക്കത്തെ വീട്ടുമതിലില്‍ ഇടിച്ചു തകര്‍ന്നിരുന്നു.
ഭാഗ്യം തുണച്ചതുകൊണ്ടു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.സംഭവസമയത്ത് റോഡില്‍ യാത്രാക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. തെരുവുനായ ശല്യം പ്രദേശത്ത് രൂക്ഷമാണെങ്കിലും പട്ടഞ്ചേരി- പെരുമാട്ടി പഞ്ചായത്ത് അധികൃതര്‍ നായ്ക്കളെ പിടിക്കാന്‍ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല.
സംസ്ഥാന പ്രധാനപാതയുടെ തെക്കുഭാഗം പട്ടഞ്ചേരി പഞ്ചായത്തിലും വടക്കുഭാഗം പെരുമാട്ടി പഞ്ചായത്തിലും ഉള്‍പ്പെട്ടതാണ്. ഇതുകൊണ്ട് നായ്ക്കളെ ആരു പിടികൂടുമെന്ന കാര്യത്തില്‍ ഇരു പഞ്ചായത്തുകളും മൗനം പാലിക്കുകയാണ്. ഈ സാഹചര്യത്തില്‍ രണ്ടു പഞ്ചായത്തുകളും സംയുക്തമായി നായ്ക്കളെ പിടികൂടാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിവേദനം നല്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.